കുമരകം : കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായല്‍ തീരദേശവാസികള്‍ക്ക് ഭീക്ഷണിയാകുന്നു. രാസവളങ്ങളും കീടനാശിനികളും നിറഞ്ഞ കായലില്‍ കോളിഫോം ബാക്ടീരിയായുടെ അളവു ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. സംഭരണശേഷി പകുതിയിലധികം കുറഞ്ഞകായലിന്റെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീക്ഷണിയും നിലനില്‍ക്കുന്നു. കയ്യേറ്റങ്ങളും എക്കല്‍ തുരുത്തുകളും മൂലം ഇല്ലാതാകുന്ന കായല്‍ മരണശയ്യയിലെന്ന് വിദഗ്ധര്‍ വിലയിരുത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) നടന്ന ഇന്റര്‍നാഷണല്‍ ഫിഷറീസ് കോണ്‍ഗ്രസ്സിലാണ് വേമ്പനാട് കായലിന്റെ ദുരവസ്ഥ വിശകലനം ചെയ്യപ്പെട്ടത്. വേമ്പനാട്ട് കായല്‍ സംരക്ഷണത്തിന് ഒറീസയിലെ ചിലിക്ക കായല്‍ വികസന അതോറിറ്റിയുടെ മാതൃകയില്‍ വേമ്പനാട്ട് കായല്‍ വികസന അതോറിറ്റി രൂപീകരിക്കണം, അതോറിറ്റിക്ക് റെഗുലേറ്ററി അധികാരങ്ങള്‍ നല്‍കണമെന്നും ഫിഷറീസ് കോണ്‍ഗ്രസ് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഐക്യ രാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും സമര്‍പ്പിക്കുമെന്നും ഇന്റര്‍നാഷണല്‍ ഫിഷറീസ് കോണ്‍ഗ്രസ്സ് പറഞ്ഞു.
കണ്ടെത്തലുകള്‍
കുഫോസിലെ സെന്റര്‍ പോര്‍ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആന്റ് കണ്‍സര്‍വേഷന്‍ നടത്തിയ പഠനത്തില്‍ വേമ്പനാട്ടുകായലിന്റെ ജല സംഭരണ ശേഷി 120 വര്‍ഷം കൊണ്ട് 85.3 ശതമാനം കുറഞ്ഞതായി കണ്ടെത്തി. 120 വര്‍ഷത്തിനുള്ളില്‍ 158.7 ചതുരശ്ര കിലോമീറ്റര്‍ കായല്‍ നികത്തപ്പെട്ടു. 43.5 ശതമാനം കായല്‍ ഇല്ലാതായി. 1900 ല്‍ 365 ചതുരശ്ര കിലോമീറ്ററായിരുന്ന കായല്‍ വിസ്തൃതി 2020 ല്‍ 206.30 ചരുരശ്ര കിലോമീറ്ററായി കുറഞ്ഞു.2617.5 മില്യന്‍ ക്യൂബിക് മീറ്ററായിരുന്ന സംഭരണ ശേഷി 387.87 മില്യന്‍ ക്യൂബിക് മീറ്ററായും കുറഞ്ഞു.
ഖര രാസ മാലിന്യങ്ങള്‍ അടിഞ്ഞു കൂടി കായലിന്റെ ആഴവും വലിയോ തോതില്‍ കുറഞ്ഞു. ചില സ്ഥലങ്ങളില്‍ ഒന്നു മുതല്‍ രണ്ടു മീറ്റര്‍ ആഴം മാത്രമേയുള്ളൂ. 3200 ഓളം ടണ്‍ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടില്‍ ഉള്ളതായി പ്രാധമിക നിഗമനം.
കയ്യേറ്റങ്ങള്‍
രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് സമുദ്രനിരപ്പിലും താഴെ സ്ഥിതിചെയ്ത വേമ്പനാട്ട് കായല്‍ വറ്റിച്ച് നെല്‍കൃഷി ചെയ്തതാണ് കായലിലെ ആദ്യകയ്യേറ്റം. ചിത്തിര , റാണി, മാര്‍ത്താണ്ഡ, മെത്രാന്‍, ആപ്പ് കായല്‍, 14000 പറക്കണ്ടം, 24000പറക്കണ്ടം , പള്ളിക്കായല്‍ എന്നിങ്ങനെ അവസാന കൃഷിയിടമായി മതിക്കായല്‍ വറ്റിച്ചതോടെ കായലിന്റെ അവകാശികള്‍ നെല്‍കര്‍ഷരായി മാറി. ഇതോടെ മത്സ്യത്തൊളിലാളികളുടെ വാദങ്ങള്‍ അപ്രധാനമായി മാറി.
മത്സ്യസമ്പത്ത് ഇല്ലാതാകുന്നു
ആഴമില്ലാത്ത കായലിലെ മാലിന്യ ശേഖരം, സൂഷ്മജീവജാലങ്ങളും സസ്യജാലങ്ങളും നശിക്കുന്ന കളകീടനാശിനികള്‍ , രാസവളങ്ങള്‍ എന്നിവയുടെ അമിതമായ കടന്ന് വരവ് കക്കാ , കായല്‍ കൊഞ്ച് എന്നിവയില്‍ ഗണ്യമായ കുറവ് വരുത്തി. 150ലധികം മത്സ്യ ഇനങ്ങള്‍ ഉണ്ടായിരുന്ന കായലില്‍ 40 വര്‍ഷത്തിനുള്ളില്‍ 60 ലധികം മത്സ്യ ഇനങ്ങളെ കാണാതായി. നെല്‍കൃഷിയ്ക്ക് വേണ്ടി കായല്‍ മാലിന്യക്കൂമ്പാരമായി മാറുകയാണ്.
നെല്‍കൃഷിയിലെ അപകടം
കുട്ടനാട് അപ്പര്‍കുട്ടനാട് പ്രദേശങ്ങളില്‍ കര്‍ഷകര്‍ ശാസ്ത്രീയമായി കൃഷി ചെയ്യാന്‍ തയ്യാറാകുന്നില്ല. കാര്‍ഷിക കലണ്ടര്‍ പാലിക്കാത്ത കൃഷി മൂലം തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ വൈകുന്നു. രാസവള കമ്പനികളുടെ നിര്‍ദ്ദേശപ്രകാരം മൂന്ന് ഇരട്ടിയിലധികം വളപ്രയോഗവും കളകീടനാശിനി പ്രയോഗവുമാണ് നടന്നു വരുന്നത്. ജലാശങ്ങളില്‍ ആഫ്രിക്കന്‍ പോളകള്‍ തഴച്ചു വളരാന്‍ കാരണം ജലത്തില്‍ അടങ്ങിയിരിക്കുന്ന അമിത രാസവളമെന്ന് പഠനങ്ങള്‍ പറയുന്നു. കായലിന്റെയും കൃഷിയിടങ്ങളുടെ പ്രദേശങ്ങളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തിലും ക്രമാതീയമായ വര്‍ദ്ധനവ് ഉണ്ടാകുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വേമ്പനാട്ട് കായല്‍ സംരക്ഷിക്കാന്‍
തണ്ണീര്‍മുക്കം ബണ്ട് തുറന്നിടണം
കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഒറ്റ കൃഷി (ഒരു നെല്ലും ഒരു മീനും) നടപ്പിലാക്കണം
കായലിലെ മത്സ്യ സമ്പത്തിനെക്കുറിച്ച് കൃത്യമായ വിവരശേഖരണം നടത്തണം.
അതിഭീകര കായല്‍കയ്യേറ്റം അവസാനിപ്പിക്കണം.
തരിശുപാടങ്ങളെ കൃഷിയോഗ്യമാക്കി കായല്‍ പാടങ്ങള്‍ തുറന്നിടണം.
കാര്‍ഷിക കലണ്ടര്‍ പാലിച്ചുള്ള കൃഷി ഉറപ്പ് വരുത്തണം
കായലില്‍ കട്ടകുത്ത് (എക്കല്‍ ചെളി നീക്കം ചെയ്യുന്നത്) പുനരാരംഭിക്കണം
എക്കല്‍ തുരുത്തുകള്‍ നീക്കം ചെയ്യണം.