കടുത്തുരുത്തി: വെള്ളൂർ കെ പി.പി.എൽ ഫാക്ടറി പരമാവധി വേഗത്തിൽ തുറക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. തീപിടുത്തത്തിന് പിന്നാലെ ഫാക്ടറിയിൽ എത്തി പരിശോധന നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം എന്നു തുറക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവരിക്കാൻ ആയിട്ടില്ല.
തീപിടുത്തത്തിൽ പ്രധാനപ്പെട്ട മെഷീൻ എല്ലാം കത്തി നശിച്ചിരുന്നു. ഇതിനിടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായി വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. നാശനഷ്ടം പൂർണമായും വിലയിരുത്തിയ ശേഷം പരമാവധി വേഗത്തിൽ ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ ആണ് തീരുമാനമെന്ന് പറഞ്ഞു. അതേസമയം മെഷീൻ വീണ്ടും നന്നാക്കി എടുക്കാൻ എന്തൊക്കെ സാധനങ്ങൾ വേണം എന്ന കാര്യത്തിൽ അന്തിമമായ വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം ആയിരിക്കും തീയതി സംബന്ധിച്ച ധാരണകൾ വരുക. തീപിടുത്തത്തിന്റെ ദുരൂഹത നേക്കാൻ എല്ലാ തരത്തിലുമുള്ള പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. വെള്ളൂരിലെ ഫാക്ടറിയിലെത്തി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി.
മെഷീൻ പ്രവർത്തിപ്പിക്കാൻ പല ഭാഗങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും എന്നാണ് സൂചന. ഏതായാലും ഫാക്ടറിയുടെ പ്രവർത്തനവുമായി മുന്നോട്ടു പോകാനുള്ള തീരുമാനമാണ് തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നത്.