കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്നിലും പിന്നിലും 70%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളില്‍ 50%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി. കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സൺ കൺട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.