കോഴിക്കോട്: പിഴ നടപടികളുടെ എണ്ണം കുറഞ്ഞെന്നു കാണിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ക്ക് സസ്‌പെൻഷൻ.ആലപ്പുഴ എൻഫോഴ്സ്മെന്റ് റീജനല്‍ ഓഫിസിലെ എ.എം.വി.ഐ രഥുൻ മോഹനെയാണ് സസ്പെൻഡ് ചെയ്തത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എൻഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതില്‍ യഥാക്രമം 200, 185 ഇ-ചലാനുകള്‍ മാത്രമേ തയാറാക്കിയുള്ളൂവെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായും അറിയിച്ചാണ് സസ്‌പെൻഷൻ.
ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുൻ മോഹന്റെ സസ്പെൻഷൻ എന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആക്ഷേപം. എ.എം.വി.ഐ രഥുൻ മോഹൻ 2023 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യഥാക്രമം 110, 162, 200 കേസുകള്‍ (ഇ-ചലാനുകള്‍) മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നാണ് സസ്പെൻഷന് കാരണമായി പറയുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അനാവശ്യമായി കേസെടുക്കാൻ നിര്‍ബന്ധിപ്പിക്കുന്നുവെന്ന ആക്ഷേപം സാധൂകരിക്കുന്നതാണ് സസ്പെൻഷൻ ഉത്തരവിലെ വിശദീകരണം.