കൊച്ചി: പറവൂരിൽ വികസന മുരടിപ്പാണെന്നാണ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മന്ത്രി വായ പോയ കോടാലിയാണെന്നും ഗോൾവാൾക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രി സ്ഥാനം പോയ ആളാണെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കർഷകരുടെയും കർഷക തൊഴിലാളികളുടെ പാർട്ടിയാണെന്ന് പറയുന്നവർ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നത്. താൻ എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടെന്ന സുപ്രീംകോടതി വിധി കഴുത്തിൽ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണ് ഈ മന്ത്രി. രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവർ പറവൂരിൽ തീർത്തത്. ഞാൻ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. മന്ത്രിക്ക് വായിൽക്കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ പോരെ. മന്ത്രി സ്ഥാനം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ആ മന്ത്രി നിൽക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർത്ത് തരിപ്പണമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഉന്നതവിദ്യാഭ്യാസ രംഗം. തീരദേശ സദസ് നടത്തി വാങ്ങിയ പരാതികളിൽ മന്ത്രി സജി ചെറിയാൻ എന്തെങ്കിലും നടപടി എടുത്തോയെന്ന് സതീശൻ ആരാഞ്ഞു. മന്ത്രിമാർ നടത്തിയ തലൂക്ക് അദാലത്തിൽ ലഭിച്ച ലക്ഷക്കണക്കിന് പരാതികൾ തുറന്നു പോലും നോക്കിയില്ല. എന്നിട്ടാണ് 11 ലക്ഷം പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. സർക്കാർ ദയനീയ സ്ഥിതിയിൽ ആയതുകൊണ്ടാണ് ഇത്രയും പരാതികൾ കിട്ടുന്നത്. ഒരു പരാതിക്കും പരിഹാരമില്ല. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നൽകിയിട്ടില്ല. നാളികേര സംഭരണം പോലും നടപ്പാക്കാൻ പറ്റാത്ത കൃഷിമന്ത്രിയാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നതെന്നും ഭരണം തോന്നിയ പോലെയാണ് നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.