തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സിപിഐഎം ശ്രമം രാഷ്ട്രീയ മുതലെടുപ്പിനും ഭിന്നിപ്പുണ്ടാക്കലിനുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദം കെട്ടടങ്ങട്ടെയെന്നാണ് കോൺഗ്രസ് വിചാരിച്ചത്. എന്നാൽ സിപിഐഎം സർക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാൻ വിവാദത്തെ ഉപയോഗിക്കുന്നുവെന്ന് സതീശൻ ആരോപിച്ചു.
എം വി ഗോവിന്ദന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കും സതീശൻ മറുപടി നൽകി. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചാണ് താൻ ‘എല്ലാ ജനാലകളും വാതിലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറിയിറങ്ങട്ടെ’ എന്ന് പറഞ്ഞത്. എന്നാൽ എം വി ഗോവിന്ദൻ ഗോൽവാൽക്കറുടെ വിചാരധാരയോടാണ് അതിനെ ഉപമിച്ചത്.
1921 ൽ യങ് ഇന്ത്യയിൽ മഹാത്മാ ഗാന്ധിയെഴുതിയതാണ് ഇത്. പിന്നീട് ജവഹർലാൽ നെഹ്രുവും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വരികൾ ഉദ്ധരിച്ചിട്ടുണ്ട്. എം വി ഗോവിന്ദന് ഗോൽവാൽക്കറെയും ഗാന്ധിയെയും തിരിച്ചറിയാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യും. അദ്ദേഹം പണ്ഡിതനല്ലേ, ഞങ്ങൾക്ക് അത്രയ്ക്ക് പാണ്ഡിത്യമില്ലല്ലോ എന്നും സതീശൻ പരിഹസിച്ചു.