തിരുവനന്തപുരം: ജനങ്ങളുടെ മുന്നില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുക എന്ന പ്രതിപക്ഷ ധര്‍മ്മമാണ് ഐക്യ ജനാധിപത്യ മുന്നണി ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് സര്‍ക്കാരല്ല, കൊള്ളക്കാരാണ് എന്നാണ് യുഡിഎഫ് ജനങ്ങളോട് പറയുന്നത്. അഴിമതിയുടെ ചെളികുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷകാലവും അതിന് മുന്നേയുള്ള അഞ്ച് വര്‍ഷകാലവും ജനങ്ങള്‍ ജനവിരുദ്ധ സര്‍ക്കാരിനെ അവരുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. റേഷന്‍കട മുതല്‍ സെക്രട്ടറിയേറ്റ് വരെ പ്രക്ഷോഭം എന്ന യുഡിഎഫിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഉപരോധമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിപക്ഷം ഉന്നയിച്ച നിരവധി അഴിമതി ആരോപണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രമാത്രം രേഖകള്‍ സഹിതം, തെളിവുകള്‍ സഹിതം, ഗുരുതരമായ ആരോപണങ്ങള്‍ എഐ ക്യാമറ ഇടപാടില്‍, കെ ഫോണ്‍ ഇടപാടില്‍, മാസപ്പടിയില്‍ എല്ലാം, ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ കൊള്ളയാണ്. ആ കൊള്ളയെ സംബന്ധിച്ച് നിഷേധിക്കാന്‍ കഴിയാത്ത തെളിവുകളാണ് പ്രതിപക്ഷം സംസ്ഥാനത്തെ ജനങ്ങളുടെ മുന്നില്‍ ഹാജരാക്കിയത്. അതിനെ പ്രതിരോധിച്ചൊരു വാചകം പറയാന്‍ മുഖ്യമന്ത്രിയ്‌ക്കോ മന്ത്രിമാര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പ്രതിപക്ഷം ആരംഭിച്ചു. എഐ ക്യാമറ വിഷയത്തില്‍ താനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വാദം നടന്നുകൊണ്ടിരിക്കുകയാണ്. കെ-ഫോണ്‍ ഇടപാടില്‍ ഈ ആഴ്ചയില്‍ തന്നെ കോടതിയെ സമീപിക്കും. മാസപ്പടി ഇടപാടില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ നടപടിയെടുത്തില്ലെങ്കില്‍ മറ്റുനിയമ നടപടി തേടും.
വീണ്ടും അഴിമതികള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിയില്‍ വൈദ്യുതി ബോര്‍ഡില്‍ പവര്‍ പര്‍ച്ചേഴ്‌സ് എഗ്രിമെന്റ് ഉണ്ടാക്കി. 25വര്‍ഷക്കാലത്തേക്ക്, 2041വരെ ഒരു യൂണിറ്റ് വൈദ്യുതി നാല് രൂപ ഇരുപത്തി അഞ്ച് പൈസയ്ക്ക് വാങ്ങാനുള്ള തീരുമാനമെടുത്തു. നമ്മള്‍ ആറ്, ഏഴ് വര്‍ഷക്കാലം ആ വൈദ്യുതി വാങ്ങി. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആകാശത്ത് നിന്ന് വെളിപാടുണ്ടായതുപോലെ ആ പവര്‍ പര്‍ച്ചേഴ്‌സ് എഗ്രിമെന്റ് റദ്ദ് ചെയ്തു. ശേഷം വൈദ്യുതി വാങ്ങിയത് ആറര രൂപയ്ക്കും ഏഴ് രൂപയ്ക്കുമാണ്. കഴിഞ്ഞ നാല് മാസം കൊണ്ട് ആ കരാര്‍ റദ്ദാക്കിയതുമൂലം 250 കോടിരൂപയുടെ നഷ്ടം വൈദ്യുതി ബോര്‍ഡിനുണ്ടായി. എഗ്രിമെന്റ് റദ്ദാക്കി വന്‍കിട കൊള്ള നടത്താനുള്ള ഗൂഡാലോചനയായിരുന്നു റെഗുലേറ്ററി അതോറിറ്റിയുമായി ചേര്‍ന്നത് റദ്ദാക്കിയത്. ഇപ്പോള്‍ അത് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. തീരുമാനിച്ചപ്പോള്‍ 1000 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിനുണ്ടാകാന്‍ പോകുന്നത്.
ഇവിടെ അഴിമതി നടത്താന്‍ പുറപ്പെട്ടതിനാല്‍ വൈദ്യുതി ബോര്‍ഡിന് 1000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ആര് നികത്തും. വൈദ്യുതി ബോര്‍ഡ് വീണ്ടും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇവര്‍ നടത്താന്‍ പോയ കൊള്ളയുടെ പരിണിത ഫലമാണ്. ജനങ്ങളുടെ മുമ്പില്‍ ഇവിടെ ഇത്രയധികം കെടുകാര്യസ്ഥതയുള്ള ഒരു സര്‍ക്കാര്‍ വേറെയുണ്ടോ. അഴിമതിയും കെടുകാര്യസ്ഥതുമാണ് മുഖമുദ്ര, ഇന്‍ എഫിഷ്യന്‍റ് സര്‍ക്കാര്‍, ഇത്രയും കഴിവുകെട്ട ഒരു സര്‍ക്കാര്‍ ഉണ്ടോ. എന്താണ് കേരളത്തിന്റെ ധനസ്ഥിതി. അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ചെക്ക് മാറില്ല, അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്കും മാറില്ല, അതവിടെ പിടിച്ചുവെക്കും. അഞ്ച് ലക്ഷം രൂപ കിട്ടിയാല്‍ ഓടകെട്ടാന്‍ പറ്റില്ല, ഒരു ഓടപോലും പണിയാന്‍ പണമില്ലാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. നികുതി പിരിവില്‍ ഗണ്യമായി പരാജയപ്പെട്ടു. സ്വര്‍ണത്തിന് ഗ്രാമിന് 500 ഉണ്ടായിരുന്ന കാലത്ത് 400 കോടിരൂപയായിരുന്നു സ്വര്‍ണത്തില്‍ നിന്നുള്ള നികുതി വരുമാനം. ഇപ്പോള്‍ 5500രൂപയാണ്. 11 ഇരട്ടിയായി വര്‍ധിച്ചു. പതിനൊന്നിരട്ടിയാകുമ്പോള്‍ അത്രയും വരുമാനം ലഭിക്കേണ്ടേ. 500 രൂപയുടെ അഞ്ച് ശതമാനം കിട്ടുന്നത് 5000 ആയി വര്‍ധിക്കുമ്പോള്‍ അഞ്ചിരട്ടിയായി വരുമാനവും വര്‍ധിക്കണ്ടേ’ വി ഡി സതീശന്‍ പ്രതികരിച്ചു