വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണി

Kerala

വര്‍ക്കല: വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷയില്ലാതെ യാത്രക്കാര്‍. തെരുവുനായ്ക്കളെയും സാമൂഹിക വിരുദ്ധരെയും ഭയക്കാതെ പ്ലാറ്റ്ഫോമിലൂടെ കടന്നുപോകാനാവാത്ത സ്ഥിതിയാണ്.സുരക്ഷ ഭീഷണിയെക്കുറിച്ച്‌ യാത്രക്കാരും മാധ്യമങ്ങളും നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ ഇരുട്ടുവീണാല്‍ പ്ലാറ്റ്ഫോമുകളുടെ 80 ശതമാനവും ബ്ലാക്ക് സ്പോട്ടുകളായി മാറി.

ജില്ലയിലെ തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനാണ് വര്‍ക്കല. സുരക്ഷാ വീഴ്ചയായി നിരവധി ഘടകങ്ങളാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്. രാപകല്‍ ഭേദമില്ലാതെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ പ്ലാറ്റ്ഫോമില്‍ വിഹരിക്കുന്നുണ്ട്. രാത്രി ഇതുവഴി പോകുന്നവര്‍ക്ക് നേരെ അപ്രതീക്ഷിതമായി നായ്ക്കള്‍ കുരച്ചു പാഞ്ഞടുക്കാറുണ്ട്.

സ്ത്രീകളും പെണ്‍കുട്ടികളുമടക്കമുള്ളവര്‍ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍ കാല്‍വഴുതിവീണ് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. മദ്യപസംഘങ്ങളുടെയും താവളമാണിവിടം. ഇവരില്‍ പലരും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ തുറിച്ചുനോട്ടത്തോടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നുണ്ടെന്ന് പരാതി ഉയരുന്നു.സ്റ്റേഷൻ പരിസരത്തില്‍ ലഹരി വില്‍പനസംഘങ്ങളും സജീവമാണ്. സ്റ്റേഷന് സമീപത്തെ ബാറില്‍നിന്ന് മദ്യപിച്ചശേഷം കിഴക്കുവശത്തെ പ്ലാറ്റ്ഫോമിന്റെയും ട്രാക്കിന്റെയും സമീപം വഴിമുടക്കുംവിധം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരും യാത്രക്കാര്‍ക്ക് സുരക്ഷാഭീഷണിയുയര്‍ത്തുന്നു.സ്റ്റേഷന് മുന്നിലും പാര്‍ക്കിങ് ഏരിയകളിലെയും വെളിച്ചക്കുറവും ഇത്തരക്കാര്‍ക്ക് സഹായകമാകുന്നു. സ്റ്റേഷന് മുന്നില്‍ ആകെയുള്ളത് ഒറ്റ ലാമ്ബ് മാത്രമുള്ള ഒരു ഹൈമാസ്റ്റ് ലൈറ്റാണ്. ഇതാകട്ടെ പലപ്പോഴും പ്രകാശിക്കാറുമില്ല.പ്ലാറ്റ്ഫോമിലെ പണം നല്‍കി ഉപയോഗിക്കാവുന്ന ശുചിമുറി ബ്ലോക്ക് നടത്തിപ്പുകാര്‍ക്ക് യാത്രക്കാരോട് സൗഹാര്‍ദ നിലപാടല്ലയുള്ളത്. കരാറുകാരൻ ഇവിടെ നിയമിച്ചിട്ടുള്ള ജീവനക്കാരനും മിക്കപ്പോഴും മദ്യലഹരിയിലാണെന്ന് പരാതിയുമുണ്ട്.വര്‍ക്കല സ്റ്റേഷൻ വികസനത്തിന് അനുവദിക്കപ്പെട്ട കോടികള്‍ ചെലവിടുന്ന വികസന പദ്ധതികളില്‍ മതിയായ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാനും അധികൃതര്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയിലെ പ്രധാന സ്റ്റേഷനായിട്ടും ആകെയുള്ളത് രണ്ട് പൊലീസുകാര്‍ മാത്രമാണ്. പൊലീസുകാരുടെ എണ്ണം കൂട്ടിയെങ്കില്‍ മാത്രമേ നിലവിലെ പ്രശ്നങ്ങളും യാത്രക്കാരുടെ ദുരിതങ്ങളും കുറേയെങ്കിലും പരിഹരിക്കപ്പെടുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *