തിരുവനന്തപുരം: വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് അടൂർ പ്രകാശ് എംപി.ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ, പദ്ധതിയില്‍ അഴിമതി നടന്നോ എന്നീ വിഷയങ്ങള്‍ അന്വേഷണപരിധിയില്‍ വരണമെന്നാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂർ പ്രകാശ് കത്തില്‍ പറയുന്നു.
വർക്കലയില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് നിർമ്മിച്ചതെന്ന് വിവരാവകാശ കമ്മീഷന്റെ മറുപടി രേഖയില്‍ വ്യക്തമാക്കിയിരുന്നു. തീരദേശപരിപാലന ചട്ടങ്ങള്‍ പാലിച്ചില്ലെന്നും കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലെന്നും രേഖയില്‍ പറയുന്നു. ടൂറിസം ഡയറക്ടർ പി ബി നൂഹിന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഫ്ളോട്ടിങ് ബ്രിഡ്ജ് നിർമ്മാണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിവരാവകാശ രേഖപ്രകാരം മനസിലാക്കുന്നത്. പരിസ്ഥിതി പ്രവർത്തകനും കോളജ് അദ്ധ്യാപകനുമായ സഞ്ജീവ് എന്നയാള്‍ നല്‍കിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് വീഴ്ച സംഭവിച്ചതായുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലില്‍ വീണത്.