തിരുവനന്തപുരം: കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് റേക്ക് കൂടി അനുവദിച്ചു. എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. വെളളയും നീലയും ചേര്‍ന്ന നിറത്തിലുളളതാണ് പുതിയ റേക്ക്. മൂന്നാം റേക്ക് കൊച്ചുവേളിയിലെത്തിച്ചു.
ആലപ്പുഴ വഴിയുളള വന്ദേഭാരത് എക്സ്പ്രസിന്റെ പെയറിങ് ട്രെയിനാണ് കൊച്ചുവേളിയിലെത്തിച്ചത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് അറ്റകുറ്റപ്പണിക്ക് കുറഞ്ഞസമയം മാത്രമാണ് കിട്ടുന്നതെന്നും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് പുതിയ റേക്ക് എത്തിച്ചതെന്നുമാണ് ഡിവിഷണല്‍ ഓഫീസ് അധികൃതര്‍ പറയുന്നത്.
കാസര്‍കോട് നിന്ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുളള വന്ദേഭാരത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത് വൈകിട്ട് 3. 05 നാണ് . 4. 05നാണ് മടക്കയാത്ര. അതിനാൽ ഒരു മണിക്കൂര്‍ സമയം കൊണ്ട് കൊച്ചുവേളിയിലെത്തിച്ച് അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകില്ല. ഇതുപരിഗണിച്ചാണ് പകരം റേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം. റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കേരളത്തില്‍ കൊച്ചുവേളിയില്‍ മാത്രമാണുള്ളത്.