തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്തും. കാസർകോട് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിൻ ഞായറാഴ്ച ഉച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി പാലക്കാട് റെയിൽവേ ഡിവിഷണൽ ഒാഫീസ് ആസ്ഥാനത്ത് വേദി തയ്യാറാക്കും.
കേരളത്തിന്റേതടക്കം ഒമ്പത് വന്ദേഭാരതുകളാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് ശേഷം പാലക്കാട്ടു നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ സർവീസുണ്ടായിരിക്കും. തിങ്കളാഴ്ച സർവീസില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും റെഗുലർ സർവീസ് ആരംഭിക്കുക.
ഓറഞ്ച് ചാര നിറത്തിലുള്ള ആദ്യ വന്ദേഭാരതാണ് കേരളത്തിന് ലഭിച്ചത്. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാർക്ക് കൈമാറിയ ട്രെയിൻ ഉച്ചയ്ക്ക് 2.40ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടു. ഇന്നു രാവിലെ തിരുവനന്തപുരത്തെത്തും. വണ്ടിയുടെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച രാത്രി 10.30ന് ചെന്നൈ -കാട്പാടി റൂട്ടിൽ നടന്നിരുന്നു.