വിശ്വാസ സംരക്ഷണ ദിനം; മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ

Kerala

വൈക്കം: എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ ആഹ്വാന പ്രകാരം വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടും സമർപ്പിച്ച് യൂണിയൻ ഭാരവാഹികൾ ക്ഷേത്ര ദർശനം നടത്തി. യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോടിൻ്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സമുദായ പ്രവർത്തകർ വിശ്വാസ സംരക്ഷണ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളായി.

രാവിലെ ക്ഷേത്രത്തിലെത്തിയ എൻ എസ് എസ് നേതാക്കളെ സമീപ കരയോഗങ്ങളിൽ നിന്നെത്തിയ സമുദായ പ്രവർത്തകർ സ്വീകരിച്ചു. തുടർന്ന് ഗണപതി സ്തുതിയോടെ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച നേതാക്കൾ ഗണപതി ഭഗവാന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഒറ്റയപ്പം, കറുകമാല, നെയ്യ് വിളക്ക് എന്നീ വഴിപാടുകൾ സമർപ്പിച്ചു. ജനറൽ സെക്രട്ടറിയുടെ പേരിൽ പ്രത്യേക പൂജകളും നടത്തി. ക്ഷേത്രാചാര്യന്മാരായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി എന്നിവർ പ്രത്യേക പൂജകൾക്ക് നേതൃത്വം നൽകി.

നൂറുകണക്കായ സമുദായ പ്രവർത്തകർ ഗണപതി നടയിൽ നാളികേരം ഉടച്ച് സർവ്വ വിഘ്നങ്ങളും മാറുവാനായി പ്രാർത്ഥിച്ചു. മള്ളിയൂർ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ സമാധി ദിനാചരണത്തിലും എൻ എസ് എസ് നേതാക്കൾ പങ്കെടുത്തു.
താലൂക്കിലെ 97 കരയോഗങ്ങളുടെയും നേതൃത്വത്തിൽ അതത് പ്രദേശത്തുള്ള ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടും സമർപ്പിച്ച് കരയോഗാംഗങ്ങൾ വിശ്വാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായതായി , ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ ആഹ്വാനം നിറവേറ്റാൻ സമുദായം ഒറ്റക്കെട്ടായി മുന്നിലുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ, എൻ പത്മനാഭ പിള്ള വി എസ് കുമാർ, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് സി പി നാരായണൻ നായർ, സെക്രട്ടറി കെ രാജഗോപാൽ, എൻ മധു, പി എൻ രാധാകൃഷ്ണൻ, ജയപ്രകാശ് എസ് ,കെ എൻ സജ്ഞീവ് ,ദിനേശ് കുമാർ, മഞ്ചു മോഹൻ, സി എൻ ഓമന, ഇന്ദു സൂരജ്‌ , കരയോഗം പ്രസിഡൻ്റുമാർ ,സെക്രട്ടറിമാർ തുടങ്ങിയവർ വിശ്വാസ സംരക്ഷണ യജ്ഞത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *