വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു

Kerala

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു. തെലങ്കാന സ്വദേശി സജീഷ് നാരായണ‍നെയാണ് വടകര അസിസ്റ്റന്‍റ് സെഷൻസ് കോടതി വെറുതെ വിട്ടത്.താലൂക്ക് ഓഫിസ് തീവെപ്പ് കേസിനൊപ്പം എല്‍.എ ഓഫിസ് പരിസരത്തെ തീവെപ്പ്, ഡി.ഇ.ഒ ഓഫിസ് ശുചിമുറിയിലെ തീവെപ്പ്, എടോടി സിറ്റി സെന്റർ കെട്ടിടത്തിലെ തീവെപ്പ് എന്നീ കേസുകളിലും സജീഷ് നാരായണൻ പ്രതിയായിരുന്നു.

2021 ഡിസംബർ 17നായിരുന്നു താലൂക്ക് ഓഫിസ് തീയിട്ട് നശിപ്പിച്ചത്. തീപിടിത്തത്തില്‍ പത്ത് വിഭാഗങ്ങളായി സൂക്ഷിച്ച ഫയലുകളില്‍ ഭൂരിഭാഗവും അഗ്നിക്കിരയായി.കമ്ബ്യൂട്ടറുകളും ഫർണിച്ചറുകളും കത്തിനശിച്ചു. താലൂക്ക് ഓഫിസ് തീവെച്ചശേഷം പ്രതി കോടതിക്ക് സമീപമുള്ള ദാസന്റെ ചായക്കടയില്‍ എത്തിയിരുന്നു. താലൂക്ക് ഓഫിസ് പരിസരത്ത് നിർത്തിയിട്ട ഡിപ്പാർട്ട്മെന്റ് ജീപ്പില്‍ സീറ്റിനു കവർ ചെയ്ത ഷാള്‍ പുതച്ചാണ് പ്രതി ചായക്കടയില്‍ എത്തിയത്. ഈ ഷാള്‍ പ്രതി താമസിച്ച കേരളാ കൊയർ തിയറ്ററിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

ഈ സംഭവത്തിന് മുമ്ബാണ് മറ്റു മൂന്ന് കെട്ടിടങ്ങളിലും പ്രതി തീയിട്ടത്. ഇതിലൊന്നും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. താലൂക്ക് ഓഫിസ് തീവെപ്പ് കേസില്‍ ചോദ്യംചെയ്യലിനിടെ പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു മൂന്ന് കേസുകളിലും പ്രതിചേർക്കപ്പെട്ടത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കോടതിയും ജയിലുമായി പ്രവർത്തിച്ച കെട്ടിടം 1985ലാണ് താലൂക്ക് ഓഫിസായി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *