ഗുരുവായൂർ: ബിജെപിക്കുള്ളിൽ ആഭ്യന്തര പ്രശ്നങ്ങൾ ഇല്ലെന്ന് വി. മുരളീധരൻ. ഞങ്ങളുടെ പാർട്ടി ഒരു കുടുംബം പോലെയാണ്. കുടുംബങ്ങളിൽ പല പ്രശ്നങ്ങളുമുണ്ടാകും. അത് ഞങ്ങൾ ഭംഗിയായി പരഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുടെ പരാജയത്തെ തുടർന്ന് കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പാലക്കാട്ടെ പരാജയത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന വി.മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും സുരേന്ദ്രൻ പാർട്ടിയിൽ ഒറ്റപ്പെടുകയാണെന്ന പ്രചാരണത്തിന് ശക്തി പകർന്നിരുന്നു. അതേസമയം, വി. മുരളീധരൻ ഗുരുവായൂർക്ഷേത്രദർശനം നടത്തി.തിങ്കളാഴ്ച രാത്രി 8.30നായിരുന്നു ക്ഷേത്ര ദർശനം. ജില്ല പ്രസിഡണ്ട് അഡ്വ. കെ. കെ അനീഷ്‌കുമാർ, ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി, രാജൻ തറയിൽ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ദിലീപ് ഗോഷ്, ശ്രീജിത്ത് ചന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.