ഉത്തരാഖണ്ഡില്‍ ടണലില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഒരു ദിവസം കൂടി നീണ്ടേക്കും. സ്റ്റീല്‍ പൈപ്പുകളിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനുളള നീക്കമാണ് നടക്കുന്നത്.കുടുങ്ങിയവര്‍ സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആറംഗ സംഘത്തെ നിയോഗിച്ചു.
സില്‍ക്യാര തുരങ്കത്തിനകത്തു കുടുങ്ങിയ നാല്‍പതു നിര്‍മ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. മൂന്നാം ദിനത്തിലേക്ക് കടന്ന നീക്കത്തിനിടെ ആശങ്കയിലാണ് ദൌത്യ സംഘം. കുടുങ്ങിക്കിടക്കുന്നവരുമായി ദൗത്യസംഘം തുടര്‍ച്ചയായി ആശയ വിനിമയം നടത്തുന്നുണ്ട്. ഭക്ഷണവും വെളളവും നല്‍കുന്നതും തുടരുന്നു. തുരങ്കം ഇടിഞ്ഞതിനെ തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തത്ക്കാലം നിര്‍ത്തിവച്ചു. 20 മീറ്ററോളം നീക്കിയെങ്കിലും തുടര്‍ച്ചയായി മണ്ണിടിഞ്ഞതോടെ ശ്രമം ദുഷ്‌ക്കരമാവുകയായിരുന്നു. വശങ്ങളിലും മുകളിലും കോണ്ക്രീറ്റ് സ്പ്രേ ചെയ്ത് ബലപ്പെടുത്തിയാണ് ദൗത്യം തുടരുന്നത്.
ഹരിദ്വാറില്‍ നിന്നും സ്റ്റീല്‍ പൈപ്പുകള്‍ സംഭവസ്ഥലത്തെത്തിച്ചു. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സ്റ്റീല്‍ കുഴല്‍ ഹൈഡ്രോളിക് ജാക് ഉപയോഗിച്ചു കടത്തി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരെന്നും തൊഴിലാളികളുടെ കുടുംബങ്ങളുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി പറഞ്ഞു. കേന്ദ്ര സംസ്ഥാന ദുരന്തനിവാരണസേനയുടേയും പോലീസിന്റെയും നേതൃത്വത്തില്‍ ഇരുന്നൂറിലധികം രക്ഷാപ്രവര്‍ത്തകരാണ് ദൌത്യം തുടരുന്നത്. തുരങ്ക കവാടത്തിലുണ്ടായ മണ്ണിടിച്ചിലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറംഗ വിദഗ്ദ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.