ഉത്തരകാശി: ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ഉടന്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ തുരങ്കത്തിന് പുറത്ത് ആംബുലന്‍സുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജരാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം തിരശ്ചീന ഡ്രില്ലിംഗ് വഴി 44 മീറ്റര്‍ വരെ എസ്‌കേപ്പ് പൈപ്പ് അവശിഷ്ടങ്ങളിലേക്ക് തിരുകിയപ്പോഴാണ് തടസ്സമുണ്ടായത്.
മെഷീന്‍ വീണ്ടും ഉപയോഗിക്കുന്നതിനുള്ള ശ്രമം എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ തുടരുകയാണെന്ന് റെസ്‌ക്യൂ ഓഫീസര്‍ ഹര്‍പാല്‍ സിംഗ് അറിയിച്ചു. രാവിലെ എട്ട് മണിയോടെ തൊഴിലാളികളുടെ അടുത്തെത്താന്‍ കഴിയുമെന്നും രക്ഷിക്കാന്‍ കഴിയുമെന്നുമായിരുന്നു പ്രതീക്ഷ.
ബുധനാഴ്ച രാത്രി ഡ്രില്ലിങ് മെഷീന് തണുപ്പിക്കാന്‍ സമയം നല്‍കിയതിനാല്‍ ഇരുമ്പ് സ്ട്രക്ചറുകള്‍ ഗ്യാസ് കട്ടറുപയോഗിച്ച് മുറിക്കാനുള്ള ശ്രമം നടത്തി.
ഇന്നലെ 6 മുതല്‍ 8 മീറ്റര്‍ വരെ ചുറ്റളവില്‍ അവശിഷ്ടങ്ങള്‍ മാറ്റാന്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ യന്ത്രം 57 മീറ്റര്‍ നീളമുള്ള അവശിഷ്ടങ്ങളിലൂടെ തുളച്ചുകയറേണ്ടി വന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ചിന്യാലിസൗറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ തൊഴിലാളികളുടെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി 41 കിടക്കകളക്കം സജ്ജീകരിച്ചിട്ടുണ്ട്. 200 മണിക്കൂറിലേറെയായി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
രക്ഷപ്പെടാനുള്ള പാത പൂര്‍ത്തിയാക്കാന്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആറ് മീറ്റര്‍ വീതമുള്ള രണ്ട് പൈപ്പുകള്‍ കൂടി സ്ഥാപിക്കാനുണ്ടെന്ന് സില്‍ക്യാരയിലെ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്ന ജോസില ടണലിന്റെ പ്രോജക്ട് ഹെഡ് പറഞ്ഞു.