ചിക്കാഗോ: യുഎസിൽ ആറ് വയസുകാരൻ കുത്തേറ്റു മരിച്ചു. ആക്രമണത്തിൽ ഒരു സ്ത്രീയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ആക്രമിക്കപ്പെട്ടത് അമ്മയും മകനുമാണെന്നാണ് അധികൃതർ പറയുന്നത്. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ – ഹമാസ് സംഘർഷമാണെന്നും റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ പന്ത്രണ്ടോളം മുറിവുകളുമായണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ആറു വയസ്സുകാരനും നെഞ്ചിലുൾപ്പെടെ പലയിടത്തായി കുത്തേറ്റു. മരിച്ച കുട്ടിക്ക് 26 കുത്തേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും വിൽ കൗണ്ടി ഷെരിഫ് ഓഫീസ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.