ലക്‌നൗ: മുറിഞ്ഞ കൈപ്പത്തി കടിച്ചെടുത്തുകൊണ്ട് ആശുപത്രിയിലെത്തിയവരുടെ ഇടയിലൂടെ നായയുടെ നടത്തം. ഉത്തർപ്രദേശിലെ ലക്‌നൗവിലുള്ള കിംഗ് ജോർജ് ആശുപത്രിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.തെരുവുനായ മുറിഞ്ഞ കൈപ്പത്തി കടിച്ചെടുത്തത് കണ്ട് ആശുപത്രി വളപ്പിലുണ്ടായിരുന്നവരെല്ലാം ഞെട്ടിവിറച്ചുപോയി. തുടർന്ന് നായയെ ഇവിടെയുണ്ടായിരുന്നവർ ഓടിച്ചുവിടാൻ ശ്രമിച്ചു. ഇതോടെ ആശുപത്രിയിലെ പൂന്തോട്ടത്തിലേക്ക് എത്തിയ നായ കൈപ്പത്തി അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി.
പിന്നാലെയെത്തിയ ആശുപത്രി ജീവനക്കാർ കൈപ്പത്തി മാറ്റി. ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈപ്പത്തി കൈമാറി. എവിടെനിന്നാണ് നായക്ക് കൈപ്പത്തി ലഭിച്ചതെന്നോ ആരുടേതാണ് ഈ കൈപ്പത്തിയെന്നോ അറിവായിട്ടില്ല. മോർച്ചറിയില്‍ നിന്നും ഏതെങ്കിലും കൈപ്പത്തി നഷ്‌ടമായിട്ടുണ്ടോ എന്ന് അആശുപത്രി അധികൃതർ അന്വേഷിച്ചുവരികയാണ്.
ആശുപത്രിയില്‍ സംസ്‌കരിച്ച ശരീരാവശിഷ്‌ടങ്ങളില്‍ നിന്നോ പുറത്തെവിടെയെങ്കിലും നിന്നോ ആകാം നായയ്‌ക്ക് കൈപ്പത്തി ലഭിച്ചതെന്നാണ് കരുതുന്നത്. സാധാരണഗതിയില്‍ അപകടത്തില്‍പെട്ടോ ചികിത്സയുടെ ഭാഗമായി മുറിച്ചുമാറ്റിയതോ ആയ ശരീരഭാഗങ്ങള്‍ ആശുപത്രിയില്‍ തന്നെ സംസ്‌കരിക്കുകയോ കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയോ ആണ് പതിവ്. ഇത്തരത്തില്‍ പുറമേ ഏതെങ്കിലും കുടുംബങ്ങള്‍ക്ക് സംസ്‌കരിക്കാൻ നല്‍കിയ ശരീരഭാഗമാകാം ഈ കൈപ്പത്തി എന്നാണ് സൂചന.