ഡൽഹി: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള സുപ്രധാന നീക്കവുമായി ആസാമിലെ ബിജെപി സർക്കാരും. ഇതിൻ്റെ ആദ്യ പടിയെന്നോണം 1935 ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ അസം മന്ത്രിസഭ തീരുമാനിച്ചു. വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.വർഷങ്ങളുടെ പഴക്കമുള്ള അസം മുസ്ലീം വിവാഹങ്ങൾ & വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ മന്ത്രിസഭ സുപ്രധാന തീരുമാനമെടുത്തുവെന്നും നിയമപ്രകാരം വധൂവരന്മാർ 18-ഉം 21- ഉം വയസ്സിൽ എത്തിയിട്ടില്ലെങ്കിൽ പോലും വിവാഹ രജിസ്ട്രേഷൻ അനുവദിക്കുന്ന വ്യവസ്ഥകൾ ഈ നിയമത്തിൽ അടങ്ങിയിരിക്കുന്നുവെന്നും ഹിമന്ത പറഞ്ഞു.അസമിൽ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്നും അസം മുഖ്യമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. 2011 ലെ സെൻസസ് പ്രകാരം, അസമിലെ ജനസംഖ്യയുടെ 34% മുസ്ലീങ്ങളാണ്, മൊത്തം ജനസംഖ്യ 3.12 കോടിയിൽ 1.06 കോടിയാണ്.