ബംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിലെ മുഖ്യ പ്രതിക്കും കൂട്ടാളിക്കും ജാമ്യം.ഒന്നാംപ്രതിയും സംഘ്പരിവാര്‍ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുരക്കും കൂട്ടുപ്രതി ഉഡുപ്പി സ്വദേശി ശ്രീകാന്തിനുമാണ് ബംഗളൂരു അഡി. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. സെൻട്രല്‍ ക്രൈം ബ്രാഞ്ച് 800 പേജ് കുറ്റപത്രം സമര്‍പ്പിച്ച അതേ കോടതിയാണിത്.
സംഘ്പരിവാര്‍ നേതാവ് ചൈത്ര കുന്താപുര ഉള്‍പ്പെടെ എട്ടു പേരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് മുഖ്യപ്രതി ചൈത്രയേയും ആറ് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ മൂന്നാം പ്രതി അഭിനവ് ഹാലശ്രീ സ്വാമി ഒഡീഷയിലും അറസ്റ്റിലായി.
ബംഗളൂരുവില്‍ ഹോട്ടല്‍, ഷെഫ് ടോക്ക് ന്യൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കാറ്ററിങ് എന്നീ ബിസിനസ് എന്നിവ നടത്തുന്ന കാറ്ററിങ് എന്നീ ബിസിനസ് എന്നിവ നടത്തുന്ന ഉഡുപ്പി ബൈന്തൂര്‍ സ്വദേശി ഗോവിന്ദ ബാബു പൂജാരിയെയാണ് സംഘം വഞ്ചിച്ചത്. ബംഗളൂരു ബന്ദെപാളയ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സെൻട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് നടത്തിയ അന്വഷണമാണ് വൻ തെരഞ്ഞെടുപ്പ് കോഴ വെളിച്ചത്ത് കൊണ്ടുവന്നത്.
യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഗഗൻ കാടൂര്‍, ചിക്കമഗളൂരു സ്വദേശി രമേശ്, ബംഗളൂരു കെ.ആര്‍. പുരം സ്വദേശി നായ്ക്, ചിക്കമഗളൂരു സ്വദേശി ധനരാജ്, ഉഡുപ്പി സ്വദേശി ശ്രീകാന്ത്, ബി.ജെ.പി പ്രവര്‍ത്തകൻ പ്രസാദ് ബൈന്തൂര്‍ എന്നിവരാണ് പ്രതികള്‍.