യുഡിഎഫിൽ നിന്നും എൽഡിഎഫിലേയ്ക്ക് ഒരുപകൽ ദൂരം; ചാഴികാടന്റെ സഹോദരന്റെ മതിലിൽ വിവാദ ചുവരെഴുത്ത്

Breaking Kerala

കോട്ടയം : യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിലേയ്ക്ക് ഒരുപകൽ ദൂരം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ കോട്ടയത്ത് ചുവരെഴുത്ത് വിവാദം. സ്ഥലം ഉടമയുടെ അനുമതിയോടെയെന്ന് രേഖപ്പെടുത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തെള്ളകത്ത് എം.സി റോഡിന് സമീപം കാണപ്പെട്ട ചുവരെഴുത്താണ് വിവാദമായത്. തോമസ് ചാഴികാടൻ എം.പി യുടെ അനുജൻ പയസിന്റെ ഉടമസ്ഥതയിലുള്ള തെള്ളകത്തെ പുരയിടത്തിന്റെ ചുറ്റുമതിലിൽ തിങ്കളാഴ്ചയാണ് ചുവരെഴുത്ത് കാണപ്പെട്ടത്. അബദ്ധം തിരിച്ചറിഞ്ഞ് യു.ഡി.എഫ് ചുവരെഴുത്ത് മായ്ച്ചു.

കോട്ടയത്തേയ്ക്കുള്ള യാത്രാമധ്യേ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ തങ്ങളുടെ മതിലിൽ ആരൊക്കെയോ ചുവരെഴുത്ത് മായ്ക്കുന്നത് കണ്ടു. തുടർന്ന് യു.ഡി.എഫ് മായ്ച്ച ചുമരിൽ കോട്ടയത്തിന്റെ സുവർണ്ണ കാലഘട്ടം തുടരട്ടെ ! എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയെന്നും ഉടമയുടെ അനുമതിയോടെയെന്നും സിറിയക് ചാഴികാടൻ തിരുത്തി എഴുതിക്കുകയായിരുന്നു. അനുമതിയില്ലാതെ മതിലിൽ ചുവരെഴുത്ത് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകിയെന്നും സിറിയക് ചാഴികാടൻ പറഞ്ഞു. കേരളകോൺഗ്രസ്സിന് ഏറെ ആധിപത്യമുള്ള കോട്ടയം പാർലമെന്റെ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും ആരാണ് ശക്തനെന്ന് തെളിയിക്കാനുള്ള രാഷ്ട്രീയ മത്സരങ്ങൾക്കിടയിലാണ് വിവാദ ചുവരെഴുത്ത്.

Leave a Reply

Your email address will not be published. Required fields are marked *