പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്ത് 12-ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ രാധ, ഷൈബ എന്നിവരാണ് സത്യസന്ധതയുടെ സ്വർണ്ണത്തിളക്കമായത്.
കഴിഞ്ഞ ദിവസം വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇരുവരും. ശേഖരിക്കുന്ന മാലിന്യം തൃക്കേപ്പാറ കാർഷിക വിപണിക്കു സമീപം കൊണ്ടുവന്നു തരംതിരിക്കും. ഇങ്ങനെ തരംതിരിക്കുന്നതിനിടയിലാണു പ്ലാസ്റ്റിക് കവറിൽ നിന്നു മാല കിട്ടിയത്.
ഒറ്റനോട്ടത്തിൽ സ്വർണമാണെന്ന് മനസ്സിലായി. പിന്നെ ഏകദേശ ധാരണ വച്ചു വീട് കണ്ടെത്തി ഉടമയ്ക്കു മാല കൈമാറി. കുട്ടികളോ മറ്റോ അബദ്ധത്തിൽ മാലിന്യത്തിൽ ഇട്ടതാണെന്നാണ് കരുതുന്നത്.
ഒരു വർഷമായി മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളാണ് ഇരുവരും. കുഞ്ചാട്ട് വീട്ടിൽ കൃഷ്ണന്റെ ഭാര്യയാണ് രാധ. ചാമക്കാല വീട്ടിൽ ബിജുവിന്റെ ഭാര്യയാണ് ഷൈബ.