കെയ്റോ: ഈജിപ്തിൽ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു. അലക്സാൻഡ്രിയ നഗരം സന്ദർശിക്കാനെത്തിയ ഇസ്രയേലി വിനോദസഞ്ചാരികളെയാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.