വഴിയിൽ ഇറക്കിവിടാൻ ശ്രമം; കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ കേസ്

Kerala

കൊച്ചി: ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയിൽ ഇറക്കി വിടാനുള്ള ശ്രമം പാളി. പിന്നാലെ കെഎസ്‌ആർടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റർ.യാത്രക്കാരൻ ചമ്പകശേരി ഞാറക്കാട്ടിൽ എൻഎ അഷ്‌റഫിന്റെ പരാതിയിൽ ഡ്രൈവർ രവീന്ദ്രൻ, കണ്ടക്ടർ അനിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസിൽ അയച്ച ശേഷമാണ് ബസ് തിരികെ ഓടിയത്. സെപ്റ്റംബർ 2നാണ് സംഭവം. അന്നേ ദിവസം രാത്രി 10ന് കളമശേരി അപ്പോളോ ജങ്ഷനിൽനിന്ന് തൃശൂർ സൂപ്പർഫാസ്റ്റ് ബസിൽ കയറിയ അഷ്‌റഫ് ആലുവ കെഎസ്‌ആർടിസി സ്റ്റാൻഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാൽ, സ്റ്റാൻഡിലേക്ക് ബസ് പോയില്ല. പകരം ദേശീയപാതയിൽ പുളിഞ്ചോട് ജങ്ഷനിൽ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിർദേശം.

സ്റ്റാൻഡിലല്ലാതെ ഇറങ്ങില്ലെന്ന് ശഠിച്ച അഷ്‌റഫിനെയും കൊണ്ട് ബസ് യാത്ര തുടർന്നു. അങ്കമാലി ഡിപ്പോയിൽ എത്തിയപ്പോൾ കൂടുതൽ കെഎസ്‌ആർടിസി ജീവനക്കാരെത്തി അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇറക്കിവിടാൻ ശ്രമിച്ചുവെങ്കിലും അഷ്‌റഫ് വഴങ്ങിയില്ല. ഒടുവിൽ ബസ് ട്രിപ് മുടക്കി തിരിച്ചോടി അഷ്‌റഫിനെ രാത്രി 1.30ന് ആലുവ സ്റ്റാൻഡിൽ എത്തിച്ചു. രാത്രിയിൽ കെഎസ്‌ആർടിസി ബസുകളിൽ പലതും ആലുവ സ്റ്റാൻഡിൽ കയറുന്നില്ലെന്നു പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *