ട്രാക്കോ കേബിള്‍ കമ്പനി അടച്ചു പൂട്ടല്‍ ഭീഷണിയില്‍

Kerala

പത്തനംതിട്ട: തിരുവല്ല ചുമത്രയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്ബനി അടച്ചു പൂട്ടല്‍ ഭീഷണിയില്‍. കമ്ബനിയുടെ മൂന്ന് യൂണിറ്റുകളില്‍ കണ്ണൂർ പിണറായിലേത് ഒഴിച്ച്‌ ചുമത്രയിലെയും കൊച്ചി ഇരുമ്ബനത്തെയും ഉല്‍പ്പാദനം നിലച്ചതോടെയാണ് കമ്ബനി അടച്ചു പൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്.പ്രവർത്തന മൂലധനമില്ലാത്തതിനാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്ബനി. ജീവനക്കാര്‍ക്ക് 2023 ഓഗസ്റ്റ് മുതല്‍ ശമ്ബളവും നല്‍കിയിട്ടില്ല. 2017 മുതല്‍ വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. മൂലധനക്കുറവ് മൂലം അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ കമ്ബിനിക്ക് പൂട്ടുവീഴുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.ശമ്ബളം ലഭിക്കാതായതോടെ കുടുംബം പോറ്റാനാകാത്ത അവസ്ഥയാണുള്ളതെന്നും മക്കളുടെ പഠനമടക്കം മുടങ്ങുന്ന സ്ഥിതിയാണുള്ളതെന്നുമാണ് ജീവനക്കാർ പറയുന്നത്.
ഇത്തവണത്തെ ബഡ്ജറ്റില്‍ ട്രാക്കോയ്ക്ക് തുകവകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ട്രാക്കോയെ പൂർണമായും അവഗണിക്കുകയാണ് ഉണ്ടായതെന്നും ഇത് നിരാശാജനകമാണെന്നും ജീവനക്കാർ പറയുന്നു.

കൊച്ചി ഇരുമ്ബനത്ത് 1964-ലാണ് ട്രാക്കോ കേബിള്‍ ഫാക്ടറി ആദ്യം തുടങ്ങുന്നത്. 1989-ല്‍ തിരുവല്ല ചുമത്രയില്‍ രണ്ടാമത്തെ യൂണിറ്റും, 2012-ല്‍ കണ്ണൂരിലെ പിണറായിയില്‍ മൂന്നാമത്തെ യൂണിറ്റും തുടങ്ങി. പിണറായിയിലെ യൂണിറ്റില്‍ വയറിങ് കേബിളുകളാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. മറ്റ് രണ്ടിടത്തും പവര്‍ കേബിളുകളും കണ്ടക്ടറുകളും മറ്റും ഉത്പാദിപ്പിക്കുന്നു. ഇപ്പോള്‍ ഇരുമ്ബനം, ചുമത്ര യൂണിറ്റുകളാണ് ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുന്നത്.അഞ്ഞൂറോളം ജീവനക്കാരാണ് ട്രാക്കോ കേബിളില്‍ ഉളളത്. ശമ്ബള പ്രതിസന്ധിയെ തുടര്‍ന്ന് ഒക്ടോബറില്‍ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രി യോഗം വിളിച്ച്‌ 7.5 കോടി രൂപ അനുവദിച്ചു. ബാങ്കിലെ കടം തീര്‍ക്കാനായണ് ഈ തുക ഉപയോഗിച്ചത്. ജീവനക്കാര്‍ക്ക് ജൂലൈയിലെ ശമ്ബളവും വിതരണം ചെയ്തു. ഇപ്പോള്‍ ആറുമാസത്തെ ശമ്ബളം മുടങ്ങിക്കിടക്കുകയാണ്.

കെ.എസ്.ഇ.ബിയില്‍ നിന്നാണ് ട്രാക്കോ കേബിളിന് വലിയ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നത്. 152 കോടി രൂപയുടെ കരാര്‍ ലഭിച്ചപ്പോള്‍ സമയബന്ധിതമായി 22 കോടി രൂപയുടെ ഉത്പന്നങ്ങള്‍ മാത്രമാണ് ട്രാക്കോ കേബിള്‍ നിര്‍മ്മിച്ച്‌ കെ.എസ്.ഇ.ബിക്ക് നല്‍കിയത്. അസംസ്‌കൃത സാധനങ്ങള്‍ യഥാസമയം എത്തിക്കുന്നതിലും മറ്റും വീഴ്ചയുണ്ടായതാണ് കാരണം. ഇതോടെ കെ.എസ്.ഇ.ബി. മറ്റിടങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങി. കെ.എസ്.ഇ.ബി. വഴി അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി നല്‍കി കമ്ബിനി പ്രവര്‍ത്തിപ്പിക്കാമെന്ന് വ്യവസായ വകുപ്പ് നല്‍കിയിരുന്ന ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നേരത്തെ കോടി കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനമാണ് ഇപ്പോള്‍ സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *