തൃശ്ശൂരില്‍ ബാങ്ക് വായ്പ തിരിച്ചടക്കാനാവാത്തതിനാല്‍ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു

Kerala

തൃശൂർ : വീട് നിർമ്മാണത്തിന് ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിൻറെ പേരില്‍ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് യുവാവ് ജീവനൊടുക്കി.മണലൂർ പഞ്ചായത്തിലെ ആറാം വാർഡ് ചെമ്ബൻ വിനയന്റെ മകൻ വിഷ്ണു (25) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

വീടുനിർമ്മാണത്തിന് സ്വകാര്യ ബാങ്കിന്റെ കാഞ്ഞാണി ശാഖയില്‍ നിന്നും പിതാവ് വിനയൻ 8 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ പലിശയും മുതലും സഹിതം 874000 രൂപ തിരിച്ചടച്ചിരുന്നു. ഇടക്ക് കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങി കുടിശ്ശികയായി. ബാക്കിയുള്ള ആറ് ലക്ഷം രൂപ അടക്കാൻ ബാങ്ക് ആവശ്യപ്പെട്ട അവധി കഴിഞ്ഞിരുന്നു. തുടർന്ന് ഇന്ന് വീട് ഒഴിഞ്ഞ് താക്കോല്‍ കൈമാറണമെന്ന് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നത്രെ.

വീട്ടുകാർ സാധനങ്ങല്ലാം ഒതുക്കി ബന്ധു വീട്ടിലേക്ക് മാറാൻ തയാറെടുക്കുന്നതിനിടെയാണ് യുവാവ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതരുടെ നടപടിയില്‍ മനം നൊന്താണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ആക്ഷൻ കൗണ്‍സില്‍ രൂപവത്കരിക്കുമെന്നും കുടുംബത്തിന് നീതി കിട്ടും വരെ സമരം നടത്തുമെന്നും വാർഡംഗം ടോണി അത്താണിക്കല്‍ പറഞ്ഞു. നിര്‍ധന കുടുംബമായ ഇവർ ബാങ്കിനോട് സാവകാശം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ടോണി ആരോപിച്ചു

മൃതദേഹം തൃശൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം 4 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തില്‍ സംസ്കരിക്കും. അമ്മ: ഓമന. സഹോദരൻ: വിനില്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിന് ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *