ഷൊര്‍ണൂര്‍: ജനശതാബ്ദി ട്രയിന്‍ തീ പിടിച്ചെന്ന ഭീതിയില്‍ യാത്രക്കാര്‍ ചെയിന്‍ വലിച്ചു നിര്‍ത്തിച്ചു. കോഴിക്കോട് നിന്നും പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം (12075) എക്സ്പ്രസാണ് നിര്‍ത്തിച്ചത്.ട്രയിന്‍ കാരക്കാട് പിന്നിട്ടപ്പോഴാണ് സംഭവം നടന്നത്. കാരക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ റെയില്‍വെ ട്രാക്കില്‍ പണി നടക്കുന്നുണ്ടായിരുന്നു. ട്രയിന്‍ ഇതുവഴി കടന്നുപോയപ്പോള്‍ കാഴ്ചമറക്കുന്ന നിലയില്‍ പൊടി ട്രയിനിന്റെ കോച്ചുകളിലേക്ക് അടിച്ചു കയറി. ഇതോടെ തീയാണ് കോച്ചിലേക്ക് പടരുന്നതെന്ന് പേടിച്ച യാത്രക്കാര്‍ പരിഭ്രാന്തരായി ചെയിന്‍ വലിക്കുകയായിരുന്നുവെന്നാണ് വിവരം.
ട്രയിന്‍ ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു.