ടൗൺ എൽപിഎസ് ബോയ്സ് സ്കൂൾ ക്യാമ്പസിലേക്ക് മാറ്റണമെന്ന് നഗരസഭ

Local News

വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ചുള്ള സ്ഥലസൗകര്യം ചേർത്തല നഗരസഭ ടൗൺ എൽ പി സ്കൂളിൽ ലഭ്യമല്ലാത്തതിനാൽ സ്കൂളിനെ ബോയ്സ് ഹൈസ്കൂൾ പരിസരത്തേക്ക് മാറ്റണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. ബോയ്സ് സ്കൂളിന്റെ വടക്ക് ഭാഗത്ത് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലത്തേക്ക് ടൌൺ സ്കൂളിനെ മാറ്റണമെന്നാണ് നഗരസഭ നിർദേശം. ഇത് സംബന്ധിച്ച അജണ്ട കൗൺസിൽ ഐകകണ്ഠേന പാസാക്കി.

ടൌൺ എൽ.പി സ്കൂൾ നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥലം സ്കൂളിൽ വർദ്ധിച്ചു വരുന്ന കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള വികസന സാദ്ധ്യതയില്ലാത്തതും കുട്ടികൾക്കാവശ്യമായ കളിസ്ഥലം ഉൾപ്പടെയുള്ള സംവിധാനം ഇല്ലാത്ത സ്ഥിതിയുലുമാണുള്ളതെന്ന് കൗൺസിൽ യോഗം വിലയിരുത്തി. ടൗൺ സ്കൂളിനെ ബോയ്സ് സ്കൂളിലെ വിദ്യാഭ്യാസ ഓഫീസുകൾ നിൽക്കുന്ന ഭാഗത്തേക്ക് മാറ്റി പ്രത്യേകമായി പ്രവർത്തിപ്പിക്കുന്ന പക്ഷം സ്കൂളിന് ഭാവി വികസന സാധ്യത ഉറപ്പാകും. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ – മൈനസ് ടൂ മുതൽ പ്ലസ് ടു വരെ – ഒരു ക്യാമ്പസിൽ തന്നെ കുട്ടികൾക്ക് പഠനം നടത്താനുള്ള സാഹചര്യവും ഇതുവഴി സാധ്യമാകും.

ബോയ്സിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന വിവിധ ഓഫീസുകൾ ടൌൺ എൽ.പി.എസ്സ് പ്രവർത്തിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി പ്രവർത്തിപ്പിക്കുന്നതിനുള സൗകര്യം നിലവിൽ ലഭ്യമാണ്. ബോയ്സ് സ്കൂളിൻറെ ഈ ഭാഗത്ത് വിവിധ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ, സ്കൌട്ട് ആന്റ് ഗൈഡ്സ് ഓഫീസ്, എസ്സ്,എസ്സ്.എ ഓഫീസ് , ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ടൗൺ സ്കൂളിലേക്ക് മാറ്റുന്നപക്ഷം ഇവ നഗര ഹൃദയത്തോട് കൂടുതൽ അടുക്കുകയും ചെയ്യും. ടൗൺ സ്കൂൾ ഇപ്രകാരം ബോയ്സ് സ്കൂളിലേക്ക് മാറ്റുന്ന വിഷയം കേരള സർക്കാരിൻറെ പരിഗണനയ്ക്കയക്കുവാൻ കൗൺസിൽ യോഗം തീരുമാനിച്ചു.യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു വൈസ് ചെയർമാൻ ടി എസ് അജയകുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. സാബു, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ആശാ മുകേഷ്, ബാബു മുള്ളൻചിറ, അഡ്വക്കേറ്റ് ജാക്സൺ മാത്യു, ബി.ഫൈസൽ, എം.എ. സാജു, ജോഷിത നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *