വില പിടിച്ചുനിർത്തുവാൻ നേപ്പാളിൽ നിന്നും തക്കാളിയെത്തും

Uncategorized

കഠ്മണ്ഡു: വില പിടിച്ചുനിര്‍ത്താന്‍ തക്കാളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് ഇന്ത്യ. നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. തക്കാളിയുടെ വില കിലോയ്ക്ക് 242 രൂപ വരെ ഉയര്‍ന്നത് കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വന്‍തോതില്‍ ഇറക്കുമതിക്കുള്ള സൗകര്യം ചെയ്താല്‍ എത്ര തക്കാളി വേണമെങ്കിലും ഇന്ത്യയ്ക്ക് നല്‍കാമെന്ന് നേപ്പാള്‍ കൃഷിമന്ത്രാലയം വക്താവ് ശബ്നം ശിവകോടി അറിയിച്ചിരുന്നു.

നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നേപ്പാളില്‍ നിന്നുള്ള തക്കാളി ലഖ്നൗ, വാരാണസി, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഉടന്‍ എത്തുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

നേപ്പാളിലെ മൂന്ന് ജില്ലകളായ കഠ്മണ്ഡു, ലളിത്പുര്‍, ഭക്താപുര്‍ എന്നീ ജില്ലകളില്‍ വന്‍തോതിലാണ് തക്കാളി കൃഷി ചെയ്യുന്നത്. ഒന്നരമാസം മുന്‍പ് തക്കാളിക്ക് കിലോയ്ക്ക് 10 രൂപ പോലും വില കിട്ടാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ എഴുപതിനായിരത്തോളം കിലോ നശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ചിരുന്നു. ഇന്ത്യയിലാകട്ടെ ശരാശരി 40-50 രൂപയ്ക്ക് വിറ്റു കൊണ്ടിരുന്ന തക്കാളി വില 250 വരെ ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *