തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരത് അരിയിൽ ചൂടേറിയ ചർച്ച. പൊന്നിയരി കാണിച്ച് തൃശ്ശൂരുകാരെ കബളിപ്പിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു.പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അരി വിതരണം ബിജെപിക്ക് തിരിച്ചടിയാകുമെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു.സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും വിതരണം ചെയ്യാതെ തൃശ്ശൂരിൽ മാത്രം ചെയ്യുന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും തൃശ്ശൂരുകാരെ പറ്റിക്കാമെന്ന് കരുതേണ്ട എന്നും പ്രതാപൻ പറഞ്ഞു.തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭാരത് അരിയുടെ വിതരണം വ്യാപകമായി നടക്കുന്നുണ്ട്.
നഗര-ഗ്രാമ ജങ്ഷനുകളിൽ കേന്ദ്രസർക്കാർ നേരിട്ടാണ് കുറഞ്ഞ വിലയ്ക്ക് അരിയും പലവ്യഞ്ജനങ്ങളും വിൽക്കുന്നത്. നിലവിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമാണ് വിൽപന.അരി വിതരണ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു . തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മുമ്പ് ബിജെപി നടത്തുന്ന അവസാന അടവാണ് ഭാരത് റൈസ് വിതരണമെന്നും പ്രതാപൻ വിമർശിച്ചു.