ദോഹ: ദോഹയിലെ തൃശ്ശൂർക്കാരുടെ സൗഹൃദ കൂട്ടായ്മയായ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഈദ് ദിനത്തിൽ ഒത്തുകൂടി ഈദ് – വിഷു – ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. വേദി പ്രസിഡന്റ് അബ്ദുൾ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ ഈദ് ദിനത്തിൽ രാവിലെ ദോഹയിലെ നുഐജയിലുള്ള ട്ടാക്ക് ഖത്തർ ഹാളിൽ കൂടിച്ചേർന്ന പ്രവർത്തകർ കേക്ക് മുറിച്ചും ആശംസകൾ കൈമാറിയും ഗാനങ്ങൾ ആലപിച്ചും പെരുന്നാൾ ദിനം ആഘോഷമാക്കി.
സെക്രട്ടറി കുഞ്ഞു മൊയ്‌ദു ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി വിഷ്ണു ജയറാം , ട്രെഷറർ ഇൻചാർജ് ജയാനന്ദ് എന്നിവർ ഈദ് ആശംസകൾ കൈമാറി. തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഉപദേശക സമിതി ഉപാദ്ധ്യക്ഷൻ വി.കെ സലിം ഈദ് ദിന സന്ദേശം നൽകി. തുടർന്ന് സംസാരിച്ച ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, മറ്റ് വിവിധ പദ്ധതി ചെയർമാൻമാർ, സെക്ടർ ചെയർമാൻമാർ, വനിതാ കൂട്ടായ്മ ഉപാദ്ധ്യക്ഷ തുടങ്ങിയർ ഈദ് ദിന ഓർമ്മകൾ പങ്കുവെക്കുകയും കൂടിച്ചേരലകളുടെയും പങ്കുവെക്കലുകളുടേയും പ്രാധാന്യം എടുത്തു പറയുകയും ചെയ്തു. നമുക്കും ചുറ്റും ഉള്ളവരുടെ കഷ്ടതകൾ കണ്ടറിയാനും അവർക്ക് കൈത്താങ്ങാകുവാനും നമ്മൾ ഓരോരുത്തർക്കും സാധിക്കണം എന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു ഈദ് ദിന സന്ദേശങ്ങൾ.
വേദിയുടെ കലാകാരൻമാർ അവതരിപ്പിച്ച ഗാനശകലങ്ങൾ കൂടിച്ചേരലിന് ഇമ്പമേകി. തുടർന്ന് മധുരം പകർന്നു കൊണ്ട് പ്രവർത്തകർ സന്തോഷം പങ്കുവെച്ചു.
കാരുണ്യം പദ്ധതി വൈസ് ചെയർമാൻ അക്ബർ ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും നന്ദി പറഞ്ഞതോടെ ആ സൗഹൃദ കൂടിച്ചേരലിന് തിരശീല വീണു.