തൃശൂർ: തൃശൂർ വിവേകോദയം സ്കൂളിൽ ബേബി എയർ പിസ്റ്റളിൽ നിന്ന് വെടിയുതിർത്ത പൂർവ വിദ്യാർഥി ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി രണ്ട് വർഷമായി മാനസിക രോഗത്തിന് ചികിത്സ തേടുന്നതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് സ്കൂളിലെത്തിയ പ്രതി വെടിയുതിർത്തത് .
2020 മുതൽ ജഗൻ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്ന് സംഭവം നടന്നതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ ചികിത്സ രേഖകളും ഹാജരാക്കി. അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജഗനെതിരെ കേസെടുത്തത്. പ്രതിക്ക് ജാമ്യം നൽകിയ കോടതി പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും ഉത്തരവിട്ടു.