തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവിന്റെ അക്രമം

Kerala

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവിന്റെ അക്രമം. ജീവനക്കാരിക്ക് മര്‍ദനമേറ്റു. യന്ത്രസാമഗ്രികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. ആശുപത്രിയിലെ ട്രോമ കെയര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ബേസ്‌മെന്റ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ റേഡിയോഗ്രാഫി കേന്ദ്രത്തിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. സ്‌കാന്‍ ചെയ്യാന്‍ എത്തിയ യുവാവ് പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു.

ടെക്‌നീഷ്യനായ ജീവനക്കാരിയെ യുവാവ് മര്‍ദിക്കുകയും കഴുത്തില്‍ കുത്തി പിടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ജീവനക്കാരിയെ രക്ഷപ്പെടുത്തുകയായിരുന്നു. വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുകയും ബഹളം വെയ്ക്കുകയും ചെയ്ത യുവാവിനെ തടയാന്‍ ആവശ്യമായ സുരക്ഷ ജീവനക്കാര്‍ ഇല്ലാത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ ഡോക്ടര്‍ അത്യാഹിതവിഭാഗത്തിന്റെ മുന്നില്‍ നിന്നിരുന്ന സുരക്ഷാ ജീവനക്കാരെയും രോഗികളുടെ ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. അവര്‍ എത്തിയാണ് ആക്രമാസക്തനായി നിന്നിരുന്ന യുവാവിനെ ബലമായി കീഴപ്പെടുത്തിയത്. ഇയാള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്ന മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പറയുന്നു. കഴുത്തില്‍ ബലമായ പിടിച്ചതിനെ തുടര്‍ന്ന് വേദന അനുഭവപ്പെട്ട ജീവനക്കാരി ചികിത്സ തേടിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് പോലിസും സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *