തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ് എഫ് ഐ പ്രതിഷേധം. ഗവർണ്ണർക്ക് നേരെ പ്രതിഷേധിക്കാനെത്തിയ ഏഴ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സി ആർ പി എഫ് സുരക്ഷ ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ഗവർണർ ഇന്നലെ ജില്ലയിൽ എത്തിയത്. മെഡിക്കൽ കോളജിന് മുന്നിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ സർവകലാശാല ബിരുദ ദാന ചടങ്ങിനെത്തിയതായിരുന്നു ഗവർണർ.സംഘടനാ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ്വാലിഹ്, വിഷ്ണു ആർ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് ടൗൺഹാൾ പരിസരത്ത് നിന്ന് അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയിരുന്നു.
തൃശ്ശൂരിൽ ഗവർണർക്കെതിരെ പ്രതിഷേധം; 7 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
