തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ 3.5 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മുൻ ജീവനക്കാരനടക്കം ഏഴുപേർ പോലീസ് അറസ്റ്റിൽ. ഒന്നാംപ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ പുള്ളംപ്ലാവില്‍ വിനില്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരയ്ക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രധാന സൂത്രധാരന്മാരായ രണ്ടാംപ്രതി വെളുത്തൂര്‍ നവദീപം സ്ട്രീറ്റ് കോലത്തുപറമ്പില്‍ നിഖില്‍ (32), മൂന്നാംപ്രതി ചാലക്കുടിയിലെ ജിഫിന്‍ എന്നിവരെയും ഇവര്‍ക്ക് സഹായം ചെയ്ത കണ്ടാലറിയാവുന്ന മറ്റ് നാലുപേരെയും പിടികൂടാനായിട്ടില്ല. ഒന്നാംപ്രതി ബ്രോണ്‍സണ്‍ മുന്‍പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്മിഷന്‍ വ്യവസ്ഥയില്‍ ഇയാളാണ് സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഈയിനത്തില്‍ ഇയാള്‍ക്ക് 15 ലക്ഷത്തോളം രൂപ സ്ഥാപനത്തില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് പറയുന്നു. ഇതിനിടെ ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ബ്രോണ്‍സണ്‍ രണ്ടാംപ്രതി നിഖില്‍, ജെഫിന്‍ എന്നിവരുമായി ചേര്‍ന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സെപ്റ്റംബര്‍ എട്ടിന് രാത്രി 11.20-ന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തു വെച്ചാണ് കാറിലെത്തിയ സംഘം സ്വര്‍ണം തട്ടിക്കൊണ്ടുപോയത്. മാര്‍ത്താണ്ഡത്തെ വില്‍പ്പനശാലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുപോയിരുന്ന 1.80 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കവർന്നത്. അതേസമയം സ്വർണാഭരണങ്ങൾ കണ്ടെത്താനായിട്ടില്ല.