തൃപ്പൂണിത്തുറ: പ്രശസ്തമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് ഈ വർഷത്തെ അത്തം ഘോഷയാത്ര.
നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം. 1949 ൽ തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി. പിന്നീട് 1961-ൽ കേരള സർക്കാർ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി
നടത്തി വരികയാണ്.