ഏബിൾ സി അലക്സ്
കട്ടപ്പന :വ്യത്യസ്തമായ കലാസൃഷ്ടികൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന അനുഗ്രഹീത കലാകാരനാണ് ഇടുക്കി ജില്ലയിലെ നെടുംകണ്ടം തൂക്കുപാലം സ്വദേശിയായ ടുട്ടുമോൻ ഇടുക്കി. ഇത്തവണ 8000 മീറ്റർ നൂലുപയോഗിച്ച്, 6 ദിവസം കൊണ്ട് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നൂൽ ചിത്രം ഒരുക്കിയിരിക്കുകയാണ് ടുട്ടുമോൻ.
പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽനിന്നു വീണ് രണ്ടുവർഷത്തോളം അരയ്ക്ക് താഴേക്ക് തളർന്നുപോയ ഈ കലാകാരൻ ചിത്രരചനയിലൂടെ തന്റെ ജീവിതം കരുപ്പിടിപ്പിച്ചാണ് എല്ലാവരെയും ആദ്യം അദ്ഭുതപ്പെടുത്തിയത്.ഇപ്പോഴാകട്ടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം നൂൽ ഉപയോഗിച്ച് വരച്ച് വീണ്ടും ടുട്ടുമോൻ അദ്ഭുതം സൃഷ്ടിച്ചു. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ ഈ നൂൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.കാൻവാസിൽ മുൻകൂട്ടി രൂപരേഖ തയ്യാറാക്കാതെ, കൃത്യമായ അളവിൽ ആണി തറച്ച്, അവയിൽ നൂൽ ബന്ധിച്ചാണ് ചിത്രം ഒരുക്കിയത്. 244 ആണിയും 8000 മീറ്റർ നൂലും ഉപയോഗിച്ചു. ആണികൾ തമ്മിൽ ബന്ധിപ്പിച്ച് 4500 ലധികം ചുറ്റുകളാണുള്ളത്.
ആറുദിവസം കൊണ്ടാണ്, സുഹൃത്തുക്കളുടേയും മാതാപിതാക്കളുടേയും സഹായത്തോടെ ചിത്രം ടുട്ടുമോൻ തയ്യാറാക്കിയത്. ഒട്ടേറെയാളുകളാണ് ചിത്രം കാണാനും ടുട്ടുവിനെ അഭിനന്ദിക്കാനും എത്തുന്നത്. എത്രെയും വേഗം ഉമ്മൻചാണ്ടിയുടെ ഈ നൂൽ ചിത്രം കോട്ടയം, പുതുപ്പള്ളിയിലെത്തി അദ്ദേഹത്തിന്റെ കുടുംബത്തിന് സമ്മാനിക്കണമെന്ന ആഗ്രഹത്തിലാണ് ഈ അനുഗ്രഹീത കലാകാരൻ.