അസഭ്യ പോസ്റ്റിടുന്നവർ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല; പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്ന് സുപ്രീംകോടതി

Breaking National

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ വഴി അസഭ്യവും, സംസ്കാരശൂന്യവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരായ കേസുകള്‍ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അസഭ്യ പോസ്റ്റിടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ്നാട് എംഎൽഎയുമായ എസ് വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

എസ് വി ശേഖറിനെതിരെ ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശേഖര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മറ്റാരോ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ അത് ഡിലീറ്റ് ചെയ്തുവെന്നും ശേഖറിന്റെ അഭിഭാഷകൻ സുപ്രീം കോടതിയില്‍ വാദിച്ചു. കണ്ണ് അസുഖത്തിന് മരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ വായിക്കാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും ശേഖറിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നത് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നല്ല. എന്നാല്‍ അസഭ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം – ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *