കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് അധ്യക്ഷത വഹിച്ചു.
മാലിന്യസംസ്‌കരണം, പരിസ്ഥിതി, വയോജന-ഭിന്നശേഷി-സ്ത്രീ സൗഹൃദ പദ്ധതികൾ, കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ ഉൾപ്പെടെ അടിസ്ഥാന മേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ പ്രസിഡന്റ് അവതരിപ്പിച്ചു. സെമിനാറിൽ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജയ് വിശദീകരണം നൽകി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം. ബിന്നു, നിർവഹണ ഉദ്യോഗസ്ഥൻ, ആസൂത്രണ സമിതി അംഗങ്ങൾ, ഗ്രാമസഭ തിരഞ്ഞെടുത്ത പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.