തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ്; യുവതി അറസ്റ്റില്‍

Breaking Kerala

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍.
കേസിലെ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജന്‍ (അനു 33) ആണ് അറസ്റ്റിലായത്. കോര്‍പറേഷന്‍ ജീവനക്കാരിയെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ അനുവിനെ ഫോര്‍ട്ട് സി.ഐ വി.ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളുടെ സ്വയം തൊഴില്‍ സംഘങ്ങള്‍ക്കായി കോര്‍പറേഷന്‍ നല്‍കുന്ന വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിലൂടെ നേടിയ 35 ലക്ഷത്തില്‍ 18 ലക്ഷം രൂപ അനുവിന്റെ അക്കൗണ്ടിലെത്തി. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 3.75 ലക്ഷം രൂപ കോര്‍പറേഷന്‍ സബ്‌സിഡിയാണ്.
1.25 ലക്ഷം രൂപ സംരംഭകര്‍ തിരിച്ചടയ്ക്കണം. നാലുപേര്‍ ചേര്‍ന്ന് രൂപവല്‍ക്കരിക്കുന്ന ഗ്രൂപ്പിനാണ് തുക നല്‍കുന്നത്. ഇത്തരത്തില്‍ ഏഴു ഗ്രൂപ്പാണുണ്ടായിരുന്നത്. നേരത്തെ ഒപ്പിട്ടു വാങ്ങിയ മുദ്രപ്പേപ്പറില്‍ സമ്മതപത്രം എഴുതിച്ചേര്‍ത്ത് വായ്പാ തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചതോടെയാണ് വീട്ടമ്മമാര്‍ തട്ടിപ്പ് മനസ്സിലാക്കിയത്.
തിരുവനന്തപുരം കോര്‍പറേഷന്‍ ചെറിയതുറയിലെ സ്ത്രീകളുടെ അഞ്ച് സംഘങ്ങള്‍ക്ക് നല്‍കിയ വായ്പയ്ക്ക് പുറമെ ബീമാപള്ളിയിലെ രണ്ട് സംഘങ്ങള്‍ക്ക് നല്‍കിയ പണവും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഇതോടെയാണ് 35 ലക്ഷത്തിലേക്ക് തട്ടിപ്പിന്റെ വ്യാപതി വര്‍ധിച്ചത്.
തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ ഇന്‍ഡ്യന്‍ ബാങ്ക് ഈഞ്ചക്കല്‍ ബ്രാഞ്ച് മാനേജരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വസ്ത്ര യൂണിറ്റിലേക്ക് സാധനങ്ങള്‍ കൈമാറുന്ന കരാറുകാരനെന്ന വ്യാജേനെയെത്തി പണം കൈവശപ്പെടുത്തിയ പൂവച്ചലിലെ ഫാന്‍സി സ്റ്റാര്‍ ഉടമ അനീഷ് ഒളിവിലാണ്. ചെറിയതുറ സ്വദേശി ഗ്രേസി, അഖില എന്നിവരാണ് മറ്റ് പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *