പത്തനംതിട്ട: വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ സസ്പെന്‍ഷനിലായ അധ്യാപിക ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കഴിഞ്ഞ ദിവസമാണ് തിരുവല്ല ഡയറ്റിലെ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തിയത്. എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി കൂടിയായ രണ്ടാം വർഷ വിദ്യാർത്ഥി അക്ഷയ് ആണ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് കേസെടുത്തതിനാല്‍ നിലവില്‍ ഒളിവിലാണ് മിലീന ജെയിംസ്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് മിലീന ഈ വെളിപ്പെടുത്തൽ നടത്തിയത്.
തന്നെ കുടുക്കാന്‍ കോളേജിലെ മറ്റൊരു അധ്യാപികയുടെ നേതൃത്വത്തിൽ വന്‍ ഗൂഢാലോചന നടന്നുവെന്ന് അധ്യാപിക മിലീന ജെയിംസ് ആരോപിച്ചു. വിദ്യാർത്ഥികളെ കോപ്പി അടിക്കാൻ സഹായിച്ച അദ്ധ്യാപികയാണവർ. ഉത്തരസൂചിക നൽകി അവർ പരീക്ഷ നടത്തി.ഇക്കാര്യങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിനെ താൻ അറിയിച്ചു. അതിൽ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നാടകം. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയെ അധ്യാപിക ബലിയാടാക്കുകയായിരുന്നുവെന്നും മിലീന ആരോപിക്കുന്നു.
ആത്മഹത്യക്ക് ശ്രമിച്ച രണ്ടാം വർഷ വിദ്യാർത്ഥിയെ താൻ പഠിപ്പിക്കുന്നില്ല. ആത്മഹത്യാശ്രമം നടന്നോ എന്ന് തന്നെ കൃത്യമായി അന്വേഷിക്കണം. അധ്യാപികയുടെയും വിദ്യാർത്ഥികളുടെയും ഫോൺ കോളുകൾ, വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കണമെന്നും മിലീന പറയുന്നു.