തിരുവല്ലയില്‍ വീട് കയറി ആക്രമണം: പ്രതികള്‍ പോലീസ് പിടിയില്‍

Kerala Local News

തിരുവല്ല : തിരുവല്ലയിലെ പരുമല തിക്കപ്പുഴയില്‍ മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്താൻ എത്തി പോലീസിന് നേരെയടക്കം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവൻ അടക്കം മൂന്ന് പേര്‍ പുളിക്കീഴ് പോലീസിന്റെ പിടിയിലായി.പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗുണ്ടാ തലവനും ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാമ്മൂട് പനത്തില്‍ വീട്ടില്‍ നിബിൻ ജോസഫ് ( 35 ), ചങ്ങനാശ്ശേരി ഫാത്തിമാ പുരം അമ്ബാട്ട് വീട്ടില്‍ ആര്‍. കണ്ണൻ (27), ചങ്ങനാശ്ശേരി ഫാത്തിമപുരം പുതുപ്പറമ്ബില്‍ വീട്ടില്‍ അൻസല്‍ റഹ്മാൻ ( 25 ) എന്നിവരാണ് പിടിയിലായത് . പുളിക്കീഴ് സ്റ്റേഷനിലെ സിപിഒ മാരായ സന്ദീപ് അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തിക്കപ്പുഴ മലയില്‍ തോപ്പില്‍ വീട്ടില്‍ ജയന്റെ വീടുകയറി നടത്തിയ ആക്രമണത്തിലെ പ്രതികളാണ് പിടിയിലായത് . ഒന്നാം പ്രതി നിബിനെ സംഭവ സ്ഥലത്തു വെച്ച്‌ തന്നെ പോലീസ് പിടികൂടിയിരുന്നു. മറ്റ് രണ്ട് പ്രതികളായ കണ്ണനും അൻസലും ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പിടിയിലായത്.

കേസിലെ ഒന്നാംപ്രതി നിബിൻ ജോസഫും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും ചേര്‍ന്ന് മാന്നാര്‍ , കടപ്ര ഭാഗത്ത് നടത്തിയിരുന്ന കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ഒറ്റു നല്‍കിയതിന്റെ പേരില്‍ ജയന്റെ മകൻ ജയസൂര്യമായി ഒന്നാംപ്രതി നിബിന് ഉണ്ടായിരുന്ന മുൻ വൈരാഗ്യം ആണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറിയതിന്റെ പേരില്‍ മൂന്നാഴ്ച മുമ്ബ് രാത്രി 10 മണിയോടെ കടപ്ര ഗ്രാൻഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന ആശിര്‍വാദ് സിനിമാസില്‍ സിനിമ കാണാൻ എത്തിയ ജയസൂര്യയെയും സുഹൃത്തുക്കളായ ശ്രീഹരി, ആദിത്യൻ എന്നിവരെ നിഷാദും ചെങ്ങന്നൂര്‍ സ്വദേശി സുജിത്ത് കൃഷ്ണനും ചേര്‍ന്ന് തീയറ്ററിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച്‌ വടിവാള്‍ ഉപയോഗിച്ച്‌ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.

സംഭവത്തില്‍ പിടിയിലായ ഇരുവരും റിമാൻഡില്‍ കഴിയുകയാണ്. ഇതിനിടെയാണ് നിഷാദിന്റെ സുഹൃത്തും ഗുണ്ടാ തലവനുമായ നിബിൻ ജോസഫും സംഘവും ചേര്‍ന്ന് ജയസൂര്യയെ വീട് കയറി ആക്രമിച്ചത്. 2016 ല്‍ സംഘം ചേര്‍ന്ന് ചങ്ങനാശ്ശേരി സ്വദേശിനിയായ റിട്ട. അധ്യാപികയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ നിബിൻ ജോസഫ്. കൂടാതെ കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിബിനും കേസിലെ രണ്ടാംപ്രതി കണ്ണനും എതിരെ വധശ്രമം, വീട് കയറി ആക്രമണം, പിടിച്ചു പറി , അടിപിടി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *