ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം വിജയത്തിലേക്ക്. ക്യൂ കോംപ്ലക്‌സുകളില്‍ പരമാവധി ആളുകളെ എത്തിച്ച് മുന്നോട്ട് കടത്തി വിടുന്ന രീതിയാണ് ഇപ്പൊൾ പരീക്ഷിച്ചത്. തിക്കിലും തിരക്കിലും പെടാതെ വിശ്രമിക്കാന്‍ അവസരം കിട്ടുന്നതോടെ തീര്‍ത്ഥാടകര്‍ക്കും ആശ്വാസമാണ് പുതിയ രീതി. നിയന്ത്രണത്തിനായി കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചു. ഓരോ ക്യൂ കോംപ്ലക്‌സുകളിലും എല്‍ഇഡി ഡിസ്‌പ്ലേകളുമുണ്ട്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
ഇക്കുറി തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തിരക്ക് നിയന്ത്രിക്കാന്‍ തിരുപ്പതി മോഡല്‍ ക്യൂ നടപ്പിലക്കാന്‍ തീരുമാനിച്ചത്. 60000 ത്തിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ദിവസങ്ങളിലാണ് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എഴുപതിനായിരത്തിലധികം ആളുകളാണ് പ്രതിദിനം ശബരിമല ദര്‍ശനം നടത്തുന്നത്.