ബെംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1ന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തീകരിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഒരു തവണ കൂടി ഭ്രമണപഥ ക്രമീകരണം നടത്തിയതിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് കടക്കും. 125 ദിവസമെടുത്താണ് പേടകം ലാഗ്രാഞ്ച് പോയിന്റ് ഒന്നിൽ എത്തി ചേരുക.
ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷൻ കൂടാതെ മൊറീഷ്യസ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലുള്ള ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും കൂടി ചേർന്നാണു പേടകത്തിന്റെ നിയന്ത്രണം നടത്തുന്നത്. ഭൂമിയിൽ നിന്ന് കുറഞ്ഞ ദൂരം 296 കിലോമീറ്ററും കൂടിയ ദൂരം 71,767 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകത്തിന്റെ സഞ്ചാരംp. സെപ്തംബർ 15നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ നടത്തുകയെന്ന് ഐഎസ്ആർഒ അറിയിച്ചു. സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.