നെല്ലിന്റെ സംഭരണവില 31.47 രൂപയായി വര്‍ദ്ധിപ്പിക്കണം; മോന്‍സ് ജോസഫ് എം.എല്‍.എ

Agriculture Local News

കടുത്തുരുത്തി: നെല്ലിന്റെ ഉത്പ്പാദനചെലവ് പതിന്മടങ്ങ് വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ നെല്ലിന്റെ സംഭരണവില കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 31.47 രൂപ നൽകാൻ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന നേതൃസംഗമവും കേരളാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക അവകാശ പ്രഖ്യാപന സമ്മേളനവും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്ക് നല്‍കിയ ആനുകൂല്യം യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുകയും നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കുന്നത് ഒഴിവാക്കാനുമുള്ള സംസ്ഥാനസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ തീരുമാനം കേരളത്തിലെ നെല്‍കര്‍ഷകരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്. കഴിഞ്ഞ സീസണിലേതുപോലെ കിലോയ്ക്ക് 28.32 രൂപ നിരക്കില്‍ ഒന്നാംവിള നെല്ല് സംഭരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം വലിയ കള്ളക്കളിയാണെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ താങ്ങുവിലയില്‍ വരുത്തിയ 1.43 രൂപയുടെ വര്‍ദ്ധനവ് ഇപ്പോള്‍ കൃഷിക്കാര്‍ക്ക് കേരളത്തില്‍ കൊടുക്കാതിരിക്കുന്ന തീരുമാനമാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സംസ്ഥാനത്ത് തീരുമാനിച്ചിരിക്കുന്നത്.

ഇതോടൊപ്പം സംസ്ഥാനസര്‍ക്കാർ മുൻ വർഷങ്ങളിൽ വർദ്ധിപ്പിച്ച 9.64 രൂപയില്‍ നിന്ന് 6.37 രൂപയായി കുറക്കാനുള്ള കര്‍ഷകദ്രോഹ തീരുമാനമാണ് സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചിത തുക ഒന്നിച്ചുകൊടുക്കാന്‍ തയ്യാറായാല്‍ നെല്‍കൃഷിക്കാര്‍ക്ക് 31.47 രൂപ നേരിട്ട് ലഭ്യമാകുന്ന സാഹചര്യമാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പും എല്‍.ഡി.എഫ്. സര്‍ക്കാരും അട്ടിമറിച്ചിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിന് അനുസൃതമായി സംസ്ഥാനസര്‍ക്കാര്‍ താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകാതെ കേന്ദ്രം അനുവദിച്ച തുക പോലും നെല്‍കൃഷിക്കാര്‍ക്ക് കൊടുക്കാതെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പണം തട്ടിയെടുക്കുന്ന ജനവിരുദ്ധ നടപടിയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നിലവിലെ കൊള്ള അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ പണം ഉള്‍പ്പെടെ കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. കേരളസര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത നെല്‍കൃഷിക്കാരുടെ കുടുംബാംഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും അനുകമ്പ കാണിക്കണം. കേരളത്തിലെ നെല്‍കൃഷിക്കാരെ ഇതുപോലെ പറഞ്ഞ് പറ്റിക്കുകയും വഞ്ചിക്കുകയും ചെയ്ത മറ്റൊരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല. നെല്‍കര്‍ഷകരോട് കാണിക്കുന്ന അന്യായമായ അവഗണനയ്‌ക്കെതിരെ കേരള കര്‍ഷക യൂണിയനും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയും ശക്തമായ അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
നെല്ലിന്റെ സംഭരണവില കുടിശ്ശിക സഹിതം കൃഷിക്കാര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റബ്ബര്‍, നാളികേരം കൃഷിക്കാരോട് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വഞ്ചനയ്‌ക്കെതിരെ അതിശക്തമായ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന കര്‍ഷകരേഖ അവതരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ജോയി എബ്രഹാം എക്‌സ് എം.പി., അഡ്വ. തോമസ് ഉണ്ണിയാടന്‍ എക്‌സ് എം.എല്‍.എ., ഇ.ജെ. ആഗസ്തി, ഡോ. ഗ്രേസമ്മ മാത്യു, സജി മഞ്ഞക്കടമ്പില്‍, തോമസ് കണ്ണന്തറ, മാഞ്ഞൂര്‍ മോഹന്‍ കുമാര്‍, അഡ്വ. ജയ്‌സണ്‍ ജോസഫ്, ജോസ് വഞ്ചിപ്പുര, സെബാസ്റ്റ്യന്‍ കോച്ചേരി, വാസുദേവന്‍ ആയാംകുടി, ജോണി കണിവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷക യൂണിയന്‍ നേതാക്കളായ ജോര്‍ജ്ജ് കിഴക്കുമശ്ശേരി, പി.സി. തോമസ്, ആന്റച്ചന്‍ വെച്ചൂച്ചിറ, ജോണി പുളിന്തടം, സോജന്‍ ജോര്‍ജ്ജ്, ജോയി പ്ലാത്താനം, സണ്ണി തെങ്ങുംപള്ളില്‍, ബിനു ജോണ്‍, വിനോദ് ജോണ്‍, സജി മാത്യു, ജോയി സി. കാപ്പന്‍, ജോജോ തോമസ്, കുഞ്ഞ് കളപ്പുര എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *