‘അലവിലാംപെട്ടി’ യിലെ അത്ഭുത മനുഷ്യർ; രോഹിത് എസ് രോഹിത് എഴുതുന്നു

Uncategorized

യാത്രകൾ കേവലം കാഴ്ചകൾക്ക് അപ്പുറത്തേക്ക് സമൂഹത്തിന്റെ വിവിധങ്ങളായ മൂല്യങ്ങളും വൈവിധ്യങ്ങളും തേടിയുള്ള പടപ്പുറപ്പാട് കൂടിയാണ്. സമയം കിട്ടുമ്പോഴൊക്കെ യാത്രകൾ ചെയ്യുന്നതിനായി ശ്രമിക്കാറുണ്ട്. ജീവിതയാത്രയിൽ നടത്തിയിട്ടുള്ള പല യാത്രകളും സമ്മാനിച്ച അനുഭവങ്ങളും ഓർമകളും ഹൃദയ സ്പർശിയായിട്ടുള്ളതാണ്. അത്രമേൽ ഹൃദയത്തെ സ്പർശിച്ച ഒരു യാത്രയുടെ വിവരണമാണ് ഇവിടെ പങ്കുവെക്കുന്നത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കല്ലാലിനടുത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് അലവിലാംപെട്ടി. സാമൂഹികമായും സാംസ്കാരികമായും ഒട്ടേറെ വൈവിധ്യങ്ങളെ പിന്തുടരുന്ന ഒരു കുഞ്ഞുഗ്രാമം. മുന്നൂറിൽ താഴെ വീടുകൾ മാത്രമാകും ഈ കുഞ്ഞു ഗ്രാമത്തിൽ ഉണ്ടാകുക. ഈ ഗ്രാമത്തിന്റെ ഉത്ഭവം കാർഷിക മേഖലയിലാണ്. നൂറ്റാണ്ടുകളായി അലവിലാംപട്ടി ഗ്രാമവാസികൾ രാമസ്വാമിയെയും പൊന്നഴഗി അമ്മാളിനെയും തങ്ങളുടെ ദേവതകളായി ആരാധിച്ചുവരികയാണ്. അവരെ പ്രീതിപ്പെടുത്തുന്നത് വഴി തങ്ങൾക്ക് ഐശ്വര്യവും സമാധാനവും പ്രധാനം ചെയ്യപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു.

ഇങ്ങനെ ആരാധിക്കുന്നവർ മദ്യം കഴിക്കില്ലെന്നും സ്ത്രീധനം സ്വീകരിക്കില്ലെന്നും പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവർ ഇപ്പോഴും ആ പ്രതിജ്ഞ പാലിക്കുന്നുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിൽ മദ്യം നിരോധിച്ചതിനാൽ കുടുംബത്തിൽ ഒരിക്കലും വഴക്കുകളോ തർക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും സ്ത്രീധന ക്രൂരതയെക്കുറിച്ച് സംസാരിക്കാൻ പോലും ഇടമില്ലെന്നും ഗ്രാമവാസികൾ ഒരേ മനസ്സോടെ പറയുന്നുണ്ട്. മറ്റ് ഗ്രാമങ്ങളിലെ സ്ത്രീകൾ പോലും ഈ ഗ്രാമത്തിലെ പുരുഷന്മാരെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. അതിനു പിന്നിലെ കാരണം ഇവിടുത്തെ യുവാക്കൾ മദ്യത്തിന് സ്ത്രീധനത്തിനും എതിരാണെന്നതാണ്. പൂർവ്വികർ ഏർപ്പെടുത്തിയ മദ്യനിരോധനവും സ്ത്രീധനനിരോധനവും ഇപ്പോഴും ആ ഗ്രാമത്തിൽ അങ്ങനെ തന്നെ തുടരുന്നത് അത്ഭുതകരമാണ്. നൂറ്റാണ്ടുകളായി ഇവിടുത്തുകാർ ഇത്തരം വിശ്വാസങ്ങളെ പിന്തുടരുന്നുണ്ട്. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് അവർ ട്രിച്ചിയിലെ കൊല്ലിഡാം പ്രദേശത്ത് നിന്ന് കുടിയേറിയതായി ചരിത്രം പറയുന്നു. ആ സമയത്ത്, അവർ രാമസ്വാമിക്കും പൊന്നഴഗി അമ്മാളിനും മദ്യം കഴിക്കില്ലെന്ന് വാക്ക് കൊടുത്തു.

ഇത് പിന്നീടങ്ങോട്ട് ആ ഗ്രാമം ഒന്നാകെ തുടരുകയായിരുന്നു. കാലാകാലങ്ങളായി തുടരുന്ന ഈ വിശ്വാസങ്ങളെ തെറ്റിക്കാൻ ശ്രമിക്കുന്നവർക്ക് ശിക്ഷാനടപടികളും നേരിടേണ്ടതായി വരുന്നുണ്ട്. ഗ്രാമത്തിലെ നിയമങ്ങൾ ലംഘിച്ച് പുറത്തുനിന്നുള്ളവർ മദ്യപിച്ച ശേഷം ഗ്രാമത്തിൽ പ്രവേശിച്ചാൽ, ഗ്രാമവാസികൾക്ക് വേണ്ടി അവരെ പിടികൂടി ശിക്ഷിക്കും. ഇതുമൂലം പുറത്തുനിന്നുള്ളവർ പോലും മദ്യപിക്കാതെ അലവിലാംപെട്ടി ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നു.പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ഒരു ലിഖിതത്തിൽ ഇത് എഴുതിയിട്ടുണ്ട്. പട്ടണത്തിന് പുറത്തു നിന്ന് വരുന്ന ആർക്കും ഇതേ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അവർ നിർബന്ധിക്കുന്നു. അലവിലാംപട്ടി ഗ്രാമം തമിഴ്‌നാട്ടിലെ എല്ലാ ഗ്രാമങ്ങൾക്കും ഒരു നല്ല മാതൃകയാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. തമിഴ്നാടിന് മാത്രമല്ല, ലോകത്ത് ആകെയുള്ള എല്ലാ ഗ്രാമങ്ങൾക്കും മാതൃകയാണ് ഈ കുഞ്ഞുഗ്രാമമെന്നതാണ് യാഥാർത്ഥ്യം. യാത്രയിൽ ഗ്രാമത്തിലെ പലരുമായും സംസാരിക്കുകയുണ്ടായി. മനസ്സിന് സംതൃപ്തി പകർന്ന ഒരു മനോഹര യാത്രയായിരുന്നു അലവിലാംപെട്ടി യാത്ര.

Leave a Reply

Your email address will not be published. Required fields are marked *