കോട്ടയം: വരുമാന സാധ്യതകള്‍ കൂടുതല്‍ ഉള്ള സ്വയം തൊഴില്‍ പദ്ധതികള്‍ തിരഞ്ഞെടുത്ത് പരിശീലനം ലഭ്യമാക്കുന്നത് അഭികാമ്യമാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്. സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തയ്യല്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന എല്ലാ മേഖലകളേയും കോര്‍ത്തിണക്കിക്കൊണ്ടുള്ള കെഎസ്എസ്എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തയ്യല്‍ മേഖലയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തി വരുമാനം മെച്ചപ്പെടുത്തുവാന്‍ പരിശീലനം നേടിയവര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. തയ്യല്‍ മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി മെച്ചപ്പെട്ട സ്വയംതൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രതിനിധികള്‍ക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ മിനി ജോണ്‍സണ്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.