മലപ്പുറം : താനൂരിൽ താമിർ ജിഫ്രിയെന്ന ലഹരി കേസിൽ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.
കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ മരിച്ച താമിർ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണത്തിലൂടെ വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു.