കുമരകം : വേനല്‍ ചൂടില്‍ വറ്റിവരണ്ട് വേമ്പനാട് കായല്‍ തീരങ്ങള്‍ കരിയുന്നു. തണ്ണീര്‍മുക്കം ബണ്ട് അടച്ചതിലെ അപാകതയാണ് കൊടും വരള്‍ച്ചയ്ക്ക് കാരണമെന്ന് കായല്‍ ഗവേഷണകേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കൂടാതെ അടച്ച ഷട്ടറിന്റെ അടിയില്‍ വെള്ളം കയറുന്നതിനായി കല്ലുകള്‍ വച്ചിരിക്കുന്നതും വരള്‍ച്ചയ്ക്ക് കാരണമാകുന്നു. വൃശ്ചിക വേലിയേറ്റം നടക്കുന്നതിന് മുന്‍പായി തണ്ണീര്‍മുക്കം ബണ്ട് അടച്ചതാണ് വലിയ വരള്‍ക്ക് കാരണമായി മാറിയതെന്ന് ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.പത്മകുമാര്‍ പറഞ്ഞു. ഷട്ടറുകള്‍ക്ക് അടിയില്‍ കല്ല് വച്ചിട്ടുണ്ടെങ്കില്‍ അതും വലിയ അളവ് ജലം ഒഴുകിപ്പോകാന്‍ മെറ്റൊരു കാരണമായി. കാര്‍ഷിക – കായല്‍ ഗവേഷകരോട് കൃത്യമായ വിവരശേഖരണം നടത്താതെ ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തിയാണ് തണ്ണീര്‍മുക്കം ബണ്ട് അടച്ചതെന്നും പറയപ്പെടുന്നു.
വരള്‍ച്ചമാറാന്‍ ‘ മഴ തന്നെ ആശ്രയമെന്നും ഡോ.പദ്മകുമാര്‍ പറഞ്ഞു. വെള്ളത്തിലെ ഉപ്പിന്റെ അളവ് 2.4 പി.പി.ടി ( പാര്‍യ്‌സ് പെര്‍ തൗസന്റ് ) ആണെന്ന് കായല്‍ ഗവേഷണ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു. ഇത് നെല്‍കൃഷിയെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. വരള്‍ച്ചയെ കണക്കാക്കി തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ സാധിക്കില്ല. തോടുകളില്‍ അടിഞ്ഞു കൂടിയ കുളവാഴ ഇല്ലാതാകാന്‍ കുളവാഴ കാലിത്തീറ്റ പദ്ധതി ഗുണകരമാകുമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ.പി.ബിജു അഭിപ്രായപ്പെട്ടു. കുളവാഴയെ സംസ്‌കരിച്ച് കാലിത്തീറ്റയാക്കി മാറ്റുന്ന രീതി ക്ഷീരകര്‍ഷകരുടെ സഹകരണത്തോടെ പരീക്ഷിച്ച് വിജയം കണ്ടെത്തിയ വ്യക്തിയാണ് ഡോ.പി.ബിജു. കാലിത്തീറ്റയ്ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സംവിധാനങ്ങള്‍ കുളവാഴ കാലിത്തീറ്റ പദ്ധതി നടപ്പിലാക്കിയാല്‍ കുറഞ്ഞ ചിലവില്‍ ജലാശങ്ങളിലെ പോള നീക്കം ചെയ്യാന്‍ സാധിക്കും. കുളവാഴ നശിപ്പിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളൊന്നും തന്നെ നാളിത് വരെ കണ്ടെത്തിയിട്ടില്ലെന്ന് കുമരകം പ്രാദേശീക കാര്‍ഷിക ഗവേഷണകേന്ദ്രം എന്റമോളജിസ്റ്റ് ഡോ.പല്ലവി പറഞ്ഞു.
ജലജീവികളുടെ ആവാസ്ഥവ്യവസ്ഥ തകര്‍ന്ന നിലയിലാണ്, താറാവുകള്‍ , കൊക്കുകള്‍ , ഇരണ്ട തുടങ്ങി ജലാശയത്തെ ആശ്രയിച്ചു ജീവിക്കുന്ന പക്ഷികള്‍ക്ക് പോലും ഇറങ്ങാന്‍ കഴിയാത്ത രീതിയില്‍ കുളവാഴ പെരുകിയ നിലയിലാണ് തോടുകള്‍. വെളളം വറ്റിയ ജലാശങ്ങള്‍ക്ക് തീരെ ആഴം ഇല്ല , തോടുകളെല്ലാം തന്നെ എക്കല്‍ നിറഞ്ഞ നിലയിലാണ്. കൃഷി നടക്കുന്ന പാടശേഖരങ്ങളില്‍ വള പ്രയോഗത്തെ തുടര്‍ന്ന് വെള്ളം കയറ്റാന്‍ ആരംഭിച്ചാല്‍ തോടുകളില്‍ നിലവില്‍ കാണപ്പെടുന്ന വെള്ളവും ഇല്ലാതാകും. ജലമാര്‍ഗ്ഗം യാത്ര ചെയ്താല്‍ മാത്രം പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്ന നിരവധി കായല്‍ ഗ്രാമങ്ങളും വട്ടത്തുരുത്തുകളും ഇവിടെയുണ്ട്. ജലാശങ്ങളെ സംരക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് ജനങ്ങള്‍ പറയുന്നു.
തണ്ണീര്‍മുക്കം ബണ്ട് അടച്ചതില്‍ അപാകത : വെള്ളം വറ്റിയ ജലാശയങ്ങളില്‍ കുളവാഴകള്‍ മാത്രം
