തലശേരി: മസ്ജിദില്‍ നമസ്കരിക്കാൻ കയറിയ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷം രൂപയും മൊബൈല്‍ഫോണും കവര്‍ന്നു.മാഹിയിലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ തലശേരി സീതി സാഹിബ് റോഡിലെ റിജാസിന്റെ പണവും മൊബൈല്‍ഫോണും അടങ്ങിയ ബാഗാണ് മോഷണംപോയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപമുള്ള പള്ളിയില്‍ സന്ധ്യാ നമസ്കാരത്തിന് കയറിയപ്പോള്‍ ബാഗ് പള്ളി ഹാളില്‍ വച്ചു. നമസ്കാരം കഴിഞ്ഞ് വന്നപ്പോള്‍ ബാഗ് കാണാനില്ലായിരുന്നു.
തുടര്‍ന്ന് റിജാസ് ടൗണ്‍ പോലീസില്‍ പരാതി നല്കി. സ്വര്‍ണം വാങ്ങാനും മറ്റുമായി സൂക്ഷിച്ച പണമാണ് മോഷണംപോയതെന്ന് റിജാസ് പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു.
സിഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.